NewsIndia

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരും മാലിന്യമെറിയുന്നവരും ജാഗ്രതൈ

ന്യൂഡെല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുകയോ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ ചെയ്‌താല്‍ പിഴ ഈടാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മലമൂത്രവിസര്‍ജ്ജനത്തിന് 200 രൂപയും മാലിന്യം വലിച്ചെറിയുന്നതിന് 100 രൂപയും ആയിരിക്കും പിഴ ഈടാക്കുക.

നഗരവികസനമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കെഴുതിയ കത്തില്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഈയിടെ പാസാക്കിയ നിയമം എല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതിനായി മുനിസിപ്പല്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താം. ഏപ്രില്‍ 15-ഓടെ പുതിയ ചട്ടം നടപ്പാക്കണം.

നഗര-പൊതുസ്ഥല ശുചിത്വം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ കേന്ദ്രനിയമം പ്രായോഗികമല്ല. അതിനാല്‍, ഒരു മാതൃകാനിയമം തയാറാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും അയയ്ക്കാനായിരുന്നു നഗരവികസനമന്ത്രാലയത്തിന്‍റെ ആലോചന. അപ്പോഴാണ്‌ രാജസ്ഥാന്‍ പുതിയ നിയമം കൊണ്ടുവന്നത്. അതിനാല്‍, ആ നിയമം മാതൃകയാക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

സ്വച്ഛ് ഭാരത്‌ മിഷന്‍ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ സമീപനത്തില്‍ മാറ്റം അനിവാര്യമാണെന്ന് നഗരവികസനമന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ ശുചിത്വം നിലനിര്‍ത്താനായി ചുമത്തുന്ന കനത്ത പിഴയുള്‍പ്പെടെയുള്ള കര്‍ശനനിയമങ്ങളെ ആദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button