കൊച്ചി: ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍, പള്ളുരുത്തിയില്‍ നിന്ന് 2019ല്‍ കാണാതായ അമ്മയെയും കുഞ്ഞിനെയും കുറിച്ച് പ്രത്യേകം അന്വേഷണത്തിന് സാദ്ധ്യത. കുഞ്ഞുങ്ങളെ ബലിനല്‍കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് അമ്മയും കുഞ്ഞും കാണാതായ കേസുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നത്. ഒമ്പത് വയസുള്ള കുഞ്ഞിന്റെ ടി.സി വാങ്ങി വാടക വീടൊഴിഞ്ഞ് യുവതി തൃശൂര്‍ സ്വദേശി രാജേഷിനൊപ്പം പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിന് ശേഷം അവര്‍ ഫോണോ സമൂഹ മാദ്ധ്യമങ്ങളോ ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പള്ളുരുത്തിയില്‍ ഡാറ്റാ എന്‍ട്രി ജോലി ചെയ്തിരുന്ന യുവതി സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരുന്നു. കാണാതായി 20 ദിവസം കഴിഞ്ഞാണ് സേലം സ്വദേശിയായ ഭര്‍ത്താവ് പരാതി നല്‍കിയത്. മറ്റ് സ്കൂളുകളിലൊന്നും കുഞ്ഞിനെ ചേര്‍ത്തതായി പൊലീസിന് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. അതേസമയം, രാജേഷിനെ കാണാതായെന്ന പരാതി തൃശൂര്‍ പൊലീസിന് ലഭിച്ചിട്ടുമില്ല. ഇതാണ് സംശയത്തിന് ഇടനല്‍കുന്നത്.
രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത, സ്ത്രീകളെ കാണാതായ കേസുകളുടെ വിവര ശേഖരണം അന്തിമഘട്ടത്തിലാണ്. എറണാകുളത്ത് 14 കേസുകളും പത്തനംതിട്ടയില്‍ 12 കേസുകളും വിശദമായി അന്വേഷിക്കുമെന്നാണ് സൂചന.
Post Your Comments