തിരുവനന്തപുരം : ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ വയനാട് സ്വദേശി നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കാമെന്ന വാക്ക് പാലിച്ച് സുരേഷ് ഗോപി. പാപ്പന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപി നേരിട്ട് ഇക്കാര്യം വിളിച്ച് അറിയിച്ചതെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാരിയര്‍ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇത് പാപ്പന്റെ റിവ്യൂ അല്ല, സുരേഷ് ഗോപി എന്ന മനുഷ്യസ്‌നേഹിയുടെ റിവ്യൂ ആണെന്നു സന്ദീപ് കുറിപ്പില്‍ പറയുന്നു.
read also: യുവാവിന്റെ മരണം മങ്കി പോക്സ്? തൃശൂരിൽ ജാഗ്രതാ നിർദ്ദേശം
കുറിപ്പ് പൂർണ്ണ രൂപം,
ക്ഷമിക്കണം ഇത് പാപ്പന്റെ റിവ്യൂ അല്ല .
ഇന്നലെ പെരിന്തൽമണ്ണ വിസ്മയയിൽ കുടുംബസമേതം പാപ്പൻ കണ്ടു . രാവിലെ സുരേഷേട്ടനോട് ഫോണിൽ ഓൾ ദി ബെസ്റ്റ് പറഞ്ഞ് സംസാരിച്ചതിന്റെ ത്രില്ലിൽ പടം കാണാൻ വന്നിരിക്കുകയാണ് എന്റെ ഭാര്യ ഷീജ .
സിനിമ തുടങ്ങി . ഹൗസ് ഫുൾ ആണ് . പണ്ട് സംഗീതയിൽ കമ്മീഷണർ കാണാൻ പോയ അതേ ആവേശത്തോടെ ഞാൻ സീറ്റിന്റെ തുമ്പത്തിരുന്നു . സ്റ്റയിലിഷായി സൂപ്പർ സ്റ്റാർ സുരേഷ് ഗോപി സ്‌ക്രീനിൽ വരുന്ന നിമിഷം പാപ്പൻ എന്ന ടൈറ്റിൽ തെളിയുന്നു . തീയേറ്ററിൽ നിലയ്ക്കാത്ത കരഘോഷം . ഉദ്യോഗജനകമായ കുറ്റാന്വേഷണ കഥ ഊഹിക്കാനൊരു ചെറിയ സൂചന പോലും നൽകാതെ മുന്നോട്ട് പോവുകയാണ് . പാപ്പനായി സുരേഷേട്ടനും മൈക്കിളായി ഗോകുലും എല്ലാം അത്യുഗ്രൻ പ്രകടനം .
ജോഷിയുടെ അനുഭവ സമ്പത്തിന്റെ ബലത്തിൽ സിനിമ മുന്നോട്ട് പോകവേ രസം കൊല്ലാനായി എന്റെ മൊബൈലിലേക്ക് ആരോ വിളിക്കുന്നു . മൊബൈൽ എടുത്ത് നോക്കുമ്പോൾ വിളിക്കുന്നത് പാപ്പനാണ് . സാക്ഷാൽ സുരേഷ് ഗോപി . ഫോണെടുത്ത് ‘പടം കണ്ട് കൊണ്ടിരിക്കുകയാണ് സുരേഷേട്ടാ’എന്ന് പറഞ്ഞു.
എന്നാൽ അത് കേൾക്കാനായിരുന്നില്ല ആ കാൾ .’സന്ദീപ് , നന്ദനയെ രണ്ടാം തീയതി തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയുമോ എന്ന് ചോദിക്കൂ , അന്ന് ആ മെഷീൻ നൽകാൻ ഞാൻ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട്’
‘ഇപ്പോ അറിയിക്കാം സുരേഷേട്ടാ’ ഞാൻ ഫോൺ കട്ട് ചെയ്തു
നന്ദന .. കൽപ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകൾ . ടൈപ്പ് വൺ പ്രമേഹ ബാധിതയായ കുട്ടിയാണ് നന്ദന . ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്ന ഹതഭാഗ്യയായ കുട്ടി . ഈ ദുരവസ്ഥക്ക് പരിഹാരമായി ഇൻസുലിൻ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തിൽ ഘടിപ്പിച്ചാൽ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാൻ കഴിയും . പാർലമെന്റ് അംഗമായിരിക്കെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയിൽ അവതരിപ്പിച്ചിരുന്നു .
വയനാട് സന്ദർശനത്തിനിടെ നന്ദനയെയും എടുത്ത് കാണാൻ വന്ന രക്ഷിതാക്കളുടെ കണ്ണീർ കണ്ട് സുരേഷ് ഗോപി വാക്ക് കൊടുത്തു’ നന്ദനക്ക് ഇൻസുലിൻ പമ്പ് ഞാൻ നൽകാം ഇൻസുലിൻ പമ്പ് എന്നല്ല automated insulin delivery system എന്നാണ് അതിന്റെ പേര് . ആറ് ലക്ഷം രൂപയാണ് വില . ആ തുക പൂർണമായും സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി വഹിക്കും .
തീയേറ്ററിൽ ഇരുന്ന് തന്നെ നന്ദനയെ ഫോൺ ചെയ്തു . ആഗസ്ത് 2 ന് നന്ദനയും കുടുംബവും തിരുവനന്തപുരത്ത് എത്തും . ഡോ .ജ്യോതിദേവ് കേശവദേവിന്റെ മേൽനോട്ടത്തിൽ നന്ദനയുടെ ജീവൻ രക്ഷാ ഉപകരണം സ്ഥാപിക്കും .
സ്‌ക്രീനിൽ മക്കളുടെ ജീവൻ രക്ഷിക്കാൻ പാപ്പൻ നിറഞ്ഞാടുമ്പോൾ അതേ സമയം യഥാർത്ഥ ജീവിതത്തിൽ ഒരു കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നടത്തുന്ന ഇടപെടലിൽ നിമിത്തമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലായിരുന്നു ഞാൻ .
അതുകൊണ്ട് ഇത് പാപ്പന്റെ റിവ്യൂ അല്ല , സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ റിവ്യൂ ആണ്
Post Your Comments