തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പിന്റെ സേവനങ്ങൾ എല്ലാം ഇനി ഓൺലൈൻ വഴി ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കേരള സർക്കാരിന്റെ ഏകീകൃത സേവന വിതരണ സംവിധാനം ഇന്ന് വൈകുന്നേരം 4.30 ന് ബഹു. മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്‌ഘാടനം ചെയ്യുമെന്ന് ഫേസ്ബുക് കുറിപ്പിലൂടെയാണ് ആരോഗ്യമന്ത്രി അറിയിച്ചത്.
‘കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീടുകളിൽ ഇരുന്നുതന്നെ സർക്കാരിന്റെ എല്ലാ സേവനങ്ങളും ഒരു ഏകീകൃത പോർട്ടലിലൂടെ ലഭ്യമാവേണ്ടത് അനിവാര്യമാണ്. നിലവിൽ വ്യത്യസ്ത വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ഓരോ വകുപ്പുകളുടെയും വെബ്‌സൈറ്റ് മുഖാന്തിരം ഉപയോഗിയ്ക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരള സർക്കാർ എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ‘e-സേവനം’ എന്ന കേന്ദ്രീകൃത സർവീസ് പോർട്ടലിനു ഐ ടി മിഷൻ രൂപം നൽകിയിട്ടുള്ളത്’, ആരോഗ്യമന്ത്രി പറഞ്ഞു.
‘കേരള സർക്കാരിന്റെ പ്രഖ്യാപിത നയമായ ‘ഇന്റർനെറ്റ് എന്റെ അവകാശം’ എന്നത്
‘e-സേവനം’ (www.services.kerala.gov.in) എന്ന ഏകീകൃത പോർട്ടൽ വഴി ഫലപ്രദമാവുകയാണ്. പ്രസ്തുത പോർട്ടലിൽ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങൾ ആദ്യഘട്ടമെന്ന നിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചയാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർഥികൾ, സ്ത്രീകളും കുട്ടികളും, യുവജനങ്ങൾ &നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ&പെൻഷനേഴ്‌സ് , പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിങ്ങനെ 9 ആയി തരം തിരിച്ചിട്ടുണ്ട്.കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്’, ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.
Post Your Comments