
കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം . ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി വെട്ടിത്തുറക്കുകയും പ്രാചീന കേരളചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്ത ധിഷണാശാലിയായിരുന്നു എംജിഎസ്.
ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടി കാട്ടാതിരുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിമരുന്നിട്ടു. അതേസമയം നിലപാടുകളിലെ കൃത്യതയും നിർഭയത്വവും കൊണ്ട് ആരാധകരെയും സൃഷ്ടിച്ചു അദ്ദേഹം.
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മെംബർ സെക്രട്ടറിയും ചെയർമാനും ആയിരുന്നു. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ: പ്രേമലത. മക്കൾ: വിജയകുമാർ (വ്യോമസേനാ ഉദ്യോഗസ്ഥൻ), വിനയ (നർത്തകിയും മോഹിനിയാട്ടം ഗവേഷകയും).
1932 ഓഗസ്റ്റ് 20 ന് പൊന്നാനിയിലാണ് മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എംജിഎസ് നാരായണൻ ജനിച്ചത്. ഡോക്ടറായിരുന്നു പിതാവ് ഗോവിന്ദമേനോൻ. പരപ്പനങ്ങാടി ബിഇഎം സ്കൂൾ, പൊന്നാനി എവി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം ഫാറൂഖ് കോളജിൽ ബിഎ ഇക്കണോമിക്സ് പഠിക്കാൻ ചേർന്നെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ട് തൃശൂർ കേരളവർമ കോളജിലേക്കു മാറി.
ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ എംഎ ഇംഗ്ലിഷ് പഠിക്കാൻ പോയി. പക്ഷേ പ്രവേശനം കിട്ടിയത് ഹിസ്റ്ററിക്കാണ്. അങ്ങനെയാണ് ചരിത്രപഠനത്തിന്റെ വഴിയിലേക്ക് എംജിഎസ് തിരിഞ്ഞത്. കേരള സർവകലാശാലയിൽനിന്നു ചരിത്രത്തിൽ പിഎച്ച്ഡി നേടി.
Post Your Comments