
വർക്കല: പുല്ലാനിക്കോട് ഭാര്യാ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ഭാര്യ സഹോദരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിയായ മനുവിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ഷാനി, ഭാര്യ ഉഷയെയും സഹോദരൻ സുനിൽ ദത്തിനെയും ആക്രമിച്ചത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുടുംബവീട്ടിൽ എത്തിയ ഷാനി ഭാര്യ ഉഷാകുമാരിയുമായി വഴക്കുണ്ടാകുകയും തുടർന്ന് ഉഷയുടെ സഹോദരൻ സുനിൽ ദത്ത് പ്രശ്നത്തിൽ ഇടപെടുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ഷാനി ഭാര്യ ഉഷാകുമാരിയെയും സുനിൽ ദത്തിനെയും വെട്ടിപ്പരുക്കേൽപ്പിച്ചു.
പരുക്കേറ്റ രണ്ടുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും സുനിൽ ദത്ത് മരിച്ചു. ഉഷാകുമാരിയും ഷാനിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ക്രൂരകൃത്യം.
Post Your Comments