
അമരാവതി : നവജാതശിശുക്കളെ തട്ടിയെടുത്ത് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്ന സംഘം ആന്ധ്രാപ്രദേശിൽ അറസ്റ്റിൽ. ലക്ഷങ്ങൾ വാങ്ങിയാണ് നവജാതശിശുക്കളെ പ്രതികൾ ആവശ്യക്കാർക്ക് കൈമാറുന്നത്.
തട്ടിപ്പു സംഘത്തെ നയിച്ച ബാഗലം സരോജിനി ഉൾപ്പടെ അഞ്ചു സ്ത്രീകളാണ് ആന്ധ്രാ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് മൂന്നു കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ആശുപത്രികളിലെ പ്രസവ വാർഡുകളാണ് പ്രതികൾ ലക്ഷ്യമിടുന്നത്.
നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്നും തട്ടിയെടുക്കുന്നതാണ് കുട്ടി കടത്തു സംഘത്തിൻ്റെ രീതി. ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം സംഘം സജീവമായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴ് കുട്ടികളെ സരോജിനി വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് നാല് കുട്ടികളെ വിൽക്കാൻ ശ്രമിക്കവെയായിരുന്നു സംഘം പിടിയിലായത്.
എൻ ടി ആർ ജില്ലയിൽ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടികളെയായിരുന്നു ഇവർ വിൽക്കാൻ ശ്രമിച്ചത്. കുട്ടികൾ അനാഥരാണെന്ന് ദമ്പതികളെ ബോധ്യപ്പെടുത്താൻ പ്രതികൾ വ്യാജ രേഖകളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Post Your Comments