
തൃശൂർ: പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയിൽ 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്കാണ് ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ മോഷണം നടന്നത്. ജീവനക്കാരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കാഷ് കൗണ്ടർ തല്ലിത്തകർത്താണ് കവർച്ച നടത്തിയത്. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്.
Read Also: ദുരന്തത്തെ തുടർന്ന് ചോദിച്ചത് 2000 കോടി, നൽകിയത് 529.50 കോടി
അതേസമയം ബാങ്കിന്റെ ഭാഗത്ത് സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ഫെഡറൽ ബാങ്ക് സിഇഒ കെ വി എസ് മണിയൻ പറഞ്ഞു. സുരക്ഷ ശക്തമാക്കാൻ നിർദേശമുണ്ടായാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ദുബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബാങ്ക് കവർച്ചയെ തുടർന്ന് റൂറൽ മേഖലയിൽ ഹൈ അലർട്ട് പുറപ്പെടുവിച്ചു. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രതിക്കായി തിരച്ചിലിന് നിർദേശം നൽകി. മോഷണ ശേഷം പ്രതികൾ ആലുവ റൂറൽ മേഖലയിലേക്ക് കടന്നോ എന്ന സംശയത്തെ തുടർന്നാണ് പരിശോധന. ആലുവ റൂറൽ എസ്പിയാണ് നിർദേശം നൽകിയത്.
ബാങ്കിനുള്ളിലേക്ക് പ്രവേശിച്ച മോഷ്ടാവ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരെ ഒരു മുറിയിൽ പൂട്ടിയിട്ടു. കാഷ് കൗണ്ടർ തല്ലിപ്പൊളിച്ചാണ് പണം കവർന്നത്. മതിയായി സുരക്ഷ ബാങ്കിൽ ഇല്ലാത്തതാണ് പട്ടാപ്പകൽ മോഷണത്തിന് ഇടയാക്കിയത്.മോഷ്ടാവ് എത്തുമ്പോൾ ബാങ്കിൽ രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്കൂട്ടറിലാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. ബാങ്കിനെക്കുറിച്ച് കൃത്യമായ വിവരമുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് നിഗമനം.
Post Your Comments