കൊല്ലം: തെലങ്കാന പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന ആരോപണവുമായി കൊല്ലം സ്വദേശിയായ യുവാവ്. കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിൻ എന്ന യുവാവാണ് തെലങ്കാന പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആറു വർഷം മുമ്പ് ജിതിൻ ഉപേക്ഷിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റാരോ നടത്തുന്ന സൈബർ തട്ടിപ്പാണ് ജിതിന് വിനയായത്. ഇതോടെ തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത മുപ്പത്താറോളം കേസുകളിൽ പ്രതിയായിരിക്കുകയാണ് ജിതിൻ.
കഴിഞ്ഞ മാസമാണ് തെലങ്കാന പൊലീസ് രാമൻകുളങ്ങരയിലെ വീട്ടിൽ എത്തി ജിതിനെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായ ഹൈദരാബാദ് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ വരവ്. തട്ടിപ്പിനായി ഉപയോഗിച്ച അക്കൗണ്ട് തുടങ്ങാനായി ബാങ്കിൽ നൽകിയ മെയിൽ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ളത് ജിതിന്റെ പഴയ മൊബൈൽ നമ്പറാണ്. ഈ കാരണത്താൽ തെലങ്കാന പൊലീസ് കേസിൽ ജിതിനെയും പ്രതിചേർത്തു.
2019ൽ സിം ഉപേക്ഷിച്ചതാണെന്നും നിലവിൽ ആ നമ്പർ മറ്റാരുടെയോ കൈവശമാണെന്നും ജിതിൻ പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ദിവസങ്ങളോളം തെലങ്കാനയിലെ ജയിലിൽ കഴിഞ്ഞത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷംആദ്യ കേസിലെ അറസ്റ്റിന് പിന്നാലെ 35 സൈബർ തട്ടിപ്പ് കേസുകളാണ് ജിതിനെതിരെ ചുമത്തിയത്. കോടികളുടെ തട്ടിപ്പ് നടത്തിയ സംഘം ജിതിന്റെ പഴയ മൊബൈൽ നമ്പർ ഉപയോഗിക്കുകയായിരുന്നു. ട്രൂ കോളറിൽ ജിതിന്റെ ഭാര്യ സ്വാതിയുടെ പേര് വരുന്നതിനാൽ ഭാര്യയെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. ആരെന്ന് പോലും അറിയാത്ത രണ്ട് പേർക്കൊപ്പമാണ് തങ്ങളെയും പ്രതി ചേർത്തതെന്ന് ജിതിൻ പറയുന്നു.
നിലവിൽ ജാമ്യത്തിലിറങ്ങിയ ജിതിൻ നീതി തേടി നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് ജിതിന്റെ തീരുമാനം. തെലങ്കാന പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് പറഞ്ഞിട്ടും കേരള പൊലീസ് തന്നെ സഹായിച്ചില്ലെന്നും ജിതിൻ ആരോപിക്കുന്നു. തെലങ്കാന പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നും യഥാർത്ഥ കുറ്റവാളികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് ജിതിൻ ഹൈക്കോടതിയെ സമീപിക്കുന്നത്.
Post Your Comments