പത്തനംതിട്ട: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ 25 വര്‍ഷത്തെ പെട്രോള്‍ പമ്പ് എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
വിവാദ എന്‍ ഒ സിയില്‍ അന്വേഷണം നടക്കുന്നുവെന്നും, ഒഫീഷ്യല്‍ കാര്യങ്ങള്‍ ആദ്യ ദിവസം തന്നെ നീക്കിത്തുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, അതിന്റെ പരിണിതഫലം 2-3 ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഉണ്ടാവുന്നതായിരിക്കുമെന്നും പ്രതികരിച്ചു.
മാധ്യമങ്ങളോട് അതേക്കുറിച്ച് പറയാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
വിഷയത്തില്‍ മാസ് പെറ്റീഷന്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും, അക്കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പറഞ്ഞ കേന്ദ്രമന്ത്രി, അക്കാര്യം പരിശോധിക്കുമെന്നും അറിയിച്ചു.
പെട്രോളിയം മിനിസ്ട്രിയുടെ പോളിസി ലംഘിച്ച് നടപടിയെടുക്കുന്നത് ആരായാലും കര്‍ശന നടപടിയുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നും, അവര്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments