KeralaLatest NewsNews

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം : കുറ്റപത്രം കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും

കണ്ണൂരില്‍നിന്നു പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ കലക്ടറേറ്റില്‍ നവീന്‍ബാബുവിനു നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തി ദിവ്യ നടത്തിയ പ്രസംഗമാണു മരണത്തിനു കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍

കണ്ണൂര്‍ : മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യകുറ്റക്കാരിയാണെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. എ ഡി എം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രം പറയുന്നു. 166 ദിവസത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ ടി വിജയന്റെ മൊഴി നിര്‍ണായകമായി.

കണ്ണൂര്‍ റേഞ്ച് ഡി ഐ ജി ജി എച്ച് യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍രാജ്, അസി.കമ്മിഷണര്‍ ടി കെ രത്‌നകുമാര്‍, ടൗണ്‍ സി ഐ ശ്രീജിത് കൊടേരി എന്നിവരടങ്ങിയ എസ് ഐ ടി അവസാനവട്ട യോഗം ചേര്‍ന്ന ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു സമര്‍പ്പിച്ച കേസ് ഡയറി തിരികെ ലഭിച്ചതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം വേഗത്തിലായത്. കണ്ണൂരില്‍നിന്നു പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ കലക്ടറേറ്റില്‍ നവീന്‍ബാബുവിനു നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തി ദിവ്യ നടത്തിയ പ്രസംഗമാണു മരണത്തിനു കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍.

ഒക്ടോബര്‍ 15ന് ആണ് നവീനെ പള്ളിക്കുന്നിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 82 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നവീന്റെ കുടുംബം. എസ് ഐ ടി കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും കോടതിയെ സമീപിക്കുക. ഗൂഢാലോചനയില്‍ അന്വേഷണം നടന്നിട്ടില്ലെന്നും കുടുംബത്തിന്റെ പരാതി പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button