തിരുവനന്തപുരം: ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഔദ്യോഗിക ജോലിയുടെ ഭാഗമായിരുന്നില്ലെന്നും സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: അമ്മയെ വെട്ടി നുറുക്കി മകള്‍, മൃതദേഹാവശിഷ്ടം മുറിയില്‍ വലിച്ചെറിഞ്ഞു: ബ്ലാക്ക് മാജിക്കെന്ന് സംശയം
കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം വ്യക്തമല്ല. ആര്‍എസ്എസ് നേതാക്കളെ കാണാന്‍ ഔദ്യോഗിക കാര്‍ ഒഴിവാക്കി പോയതും, സൗഹൃദക്കൂടിക്കാഴ്ചയാണോ എന്നതും വ്യക്തമല്ല. സ്വകാര്യ, കുടുംബ ചടങ്ങുകളുടെ ഭാഗമായല്ല കൂടിക്കാഴ്ച നടത്തിയത്. രണ്ടു വ്യക്തികള്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത് എന്നതിനാല്‍ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ല. തൃശൂരില്‍ ആര്‍എസ്എസുകാര്‍ മാത്രം പങ്കെടുത്ത ക്യാംപില്‍ എഡിജിപിക്ക് ക്ഷണമുണ്ടായിരുന്നില്ല. പൊതുജനത്തിനും പ്രവേശനം ഉണ്ടായിരുന്നില്ല.
രാഷ്ട്രപതിയുടെ മെഡല്‍ കിട്ടാനും സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനക്കയറ്റത്തിനുമാണ് കൂടിക്കാഴ്ചയെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇതിനുള്ള തെളിവുകള്‍ ലഭിച്ചില്ല. ഉദ്ദേശ്യം അതല്ലെന്നതിനും തെളിവില്ല. മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അജിത് കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊഴി ഇങ്ങനെ: തൃശൂര്‍ സന്ദര്‍ശന വേളയിലാണ് ആര്‍എസ്എസ് നേതാവായ സുഹൃത്ത് എ.ജയകുമാറിനെ കണ്ടത്. ജയകുമാറാണ് ആര്‍എസ്എസ് നേതാക്കള്‍ തൃശൂരിലുള്ള കാര്യം പറഞ്ഞത്. ആര്‍എസ്എസ് നേതാക്കളെ സ്വകാര്യമായി കാണാനുള്ള താല്‍പര്യം താന്‍ പ്രകടിപ്പിച്ചു. ജയകുമാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ കൂടിക്കാഴ്ചയ്ക്കായി പോയി. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഔദ്യോഗിക കാര്‍ ഒഴിവാക്കി. കൂടിക്കാഴ്ച ഏതാനും മിനിറ്റുകള്‍ നീണ്ടു നിന്നു.
ദേശീയ മാധ്യമം കോവളത്ത് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. മുന്‍ ബിജെപി ജനറല്‍ സെക്രട്ടറിയും ചടങ്ങില്‍ ഉണ്ടായിരുന്നു. ഹോട്ടലിലെ ആയുര്‍വേദ ചികിത്സ സംബന്ധിച്ച പ്രസന്റേഷന്‍ കാണാന്‍ റാം മാധവിന്റെ മുറിയിലേക്ക് ഹോട്ടല്‍ മാനേജര്‍ക്കൊപ്പം ക്ഷണപ്രകാരം പോയി. ഇതും സ്വകാര്യ സന്ദര്‍ശനമായിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള സൗഹൃദം ഡ്യൂട്ടി നിര്‍വഹിക്കുന്നതിന് സഹായകരമാകും. വിവിധ പാര്‍ട്ടികളിലെ നേതാക്കളെ കാണാറുണ്ടെന്നും എഡിജിപി മൊഴി നല്‍കി.
Post Your Comments