കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പില്‍ പരിക്കേറ്റ ശേഷം പൂര്‍ണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങള്‍ കാരണം രണ്ടുമാസത്തില്‍ ഏറെയായി ചികിത്സയില്‍ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പില്‍ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു.
രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പുഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍.
കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്‌ളാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍, കുടുംബം പുലര്‍ത്താനായി ബംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറമ്പില്‍ എംവി രാഘവനെ തടയാനുളള സമരത്തിന്റെ ഭാഗമാകുന്നത്.
Post Your Comments