Latest NewsKeralaNews

‘ഈ പ്രസ്ഥാനം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ആയിരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാൻ’: ജോയ് മാത്യു

ഏത് വിപ്ലവത്തിന് വേണ്ടിയാണ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത് ?

സിപിഎമ്മിനുവേണ്ടി രക്തസാക്ഷിയായി ജീവിച്ചുമരിച്ച പുഷ്പന്, എന്തുകൊണ്ടാണ് കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം അധികാരത്തില്‍ വന്ന പാർട്ടി വിദേശചികിത്സ നൽകിയില്ലെന്ന് ചോദിച്ച് നടൻ ജോയ് മാത്യു.   ശയ്യാവലംബിയായ പുഷ്പന്റെ കട്ടിലിനു ചുറ്റും പാട്ടുപാടി നൃത്തം വെക്കുന്ന കോമാളിത്തത്തിലേക്ക് പാർട്ടി അധഃപതിച്ചെന്നും ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റ്

ഏറെ വിഷമം തോന്നിയ ഒരു ദിവസം എന്ന് പറഞ്ഞാല്‍ പാർട്ടി വിശ്വാസികള്‍ സംശയിക്കും. അത് സ്വാഭാവികം… എന്നാല്‍ മൂന്ന് പതിറ്റാണ്ട് തീർത്തും ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പാർട്ടി പ്രവർത്തകൻ മരണത്തിനു കീഴടങ്ങിയപ്പോള്‍ പാർട്ടിക്കാർക്കല്ലാത്തവർക്കും ശരിക്കും വിഷമം തോന്നിക്കാണും. അത് കേരളീയ മനസ്സിന്റെ പ്രത്യേകത. ഏത് വിപ്ലവത്തിന് വേണ്ടിയാണ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത് ?
ആർക്ക് വേണ്ടിയാണോ അയാള്‍ പൊരുതിവീണത്?

read also: കാർ അപകടം : എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടി മരിച്ചു

എന്നിട്ടോ ആ പ്രസ്ഥാനം എന്താണ് നേടിയത്? അന്നത്തെ കൊടും ശത്രു എം വി ആർ പിന്നീട് അവർക്കും വേണ്ടപ്പെട്ടയാളായി .
അത്രയേയുള്ളൂ രാഷ്ട്രീയാന്ധകാരതിമിരത്തിന്റെ കാലദൈർഘ്യം ! മരിക്കാതിരിക്കുന്നവർക്ക് ആവേശവും പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടുമായി പുഷ്പൻ കിടന്ന കിടപ്പില്‍ കിടന്നു . എന്നാല്‍ കൂത്തുപ്പറമ്ബ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തില്‍ വന്ന പാർട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ ?

മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കള്‍ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിരുന്നോ ? അതിനു തടസ്സം പണം ആയിരുന്നെങ്കില്‍ പുഷ്പന്റെ ചികിത്സാർത്ഥം എന്ന് ഒരു ചെറിയ പ്രസ്താവനയെങ്കിലും നടത്തിയിരുന്നെങ്കില്‍ ചരിത്രം മാറിയേനെ . പാർട്ടിക്കാർ അല്ലാത്തവർ പോലും പുഷ്പനെ തുണച്ചേനേ . പകരം ശയ്യാവലംബിയായ പുഷ്പന്റെ കട്ടിലിനു ചുറ്റും പാട്ടുപാടി നൃത്തം വെക്കുന്ന കോമാളിത്തത്തിലേക്ക്
പാർട്ടി അധഃപതിക്കില്ലായിരുന്നു.

ഇപ്പറഞ്ഞതിലൊന്നും വഴിപോക്കനായ എനിക്കൊരു കാര്യവുമില്ല. എന്നിരിക്കിലും ഇപ്പോള്‍ സിപിഎം എന്ന പാർട്ടി എത്തിനില്‍ക്കുന്ന അവസ്ഥ നമുക്ക് കാണിച്ചുതരുന്ന മനോവികാരത്തിന്റെ അടിത്തറ ഇതൊക്കെയാണ് . അധികാരം തലയ്ക്ക് പിടിക്കുന്നത് നല്ലതാണ് .പക്ഷെ അത് ഒരു വ്യക്തിയുടെ ആഗ്രഹം എന്നനിലക്കല്ല മറിച്ച്‌ പാർട്ടിയുടെ ഇച്ഛ എന്നനിലക്കായിരിക്കണം. അങ്ങിനെ അല്ലാതായതാണ്. ഇന്ന് കാര്യങ്ങള്‍ ഇത്രമാത്രം വഷളാവാൻ കാരണം .

അധികാരത്തിനുവേണ്ടി ആരെയും കൂട്ടുപിടിക്കാവുന്ന അവസ്ഥ വന്നുചേര്ന്നപ്പോള്‍ കൂടെക്കൂട്ടിയത് ഒറ്റുകാരെയായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും അധികാരപ്രമത്തത തലക്ക് പിടിച്ചവർക്ക് തോന്നിയില്ല.എതിരഭിപ്രായം പറയുന്നവരെ
ലക്ഷ്യമിട്ട് ചാപ്പ കുത്തി ആക്രമിക്കുന്ന, (പ്രത്യേകിച്ച്‌ സോഷ്യല്‍ മീഡിയയില്‍) മാനസികാവസ്ഥയില്‍ കേരളത്തിലെ ഒരു വിഭാഗത്തെ കഴിഞ്ഞ കുറേക്കാലമായി നിലനിർത്തിയത് ആരാണ് എന്ന് ഇപ്പോള്‍ എല്ലാവർക്കും അറിയാം. അത് ക്രിമിനലുകള്‍ക്ക് മാത്രം കഴിയുന്നതാണ്. അതാണ് ജനാധിപത്യവാദികള്‍ തിരിച്ചറിയേണ്ടതും .

ഇപ്പോഴും മതേതര ചിന്ത പുലർത്തുന്ന ജനാധിപത്യ വിശ്വാസികളായിട്ടുള്ള വലിയൊരു വിഭാഗത്തിന് ഈ പ്രസ്ഥാനം നിലനിന്നുകാണണം എന്ന് തന്നെയാണാഗ്രഹം . അതില്‍പ്പെട്ട ആയിരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാൻ . അതിനാല്‍ ഒരു കാര്യം മാത്രം പറഞ്ഞവസാനിപ്പിക്കുന്നു.
ഒറ്റുകാരെ പുറത്തെറിയുക.
മുറ്റം തൂത്തുവാരുക.
അപ്പോള്‍ ചില പൊളിഞ്ഞ വിഗ്രഹങ്ങളും അതില്‍ പെട്ടേക്കാം. മടിക്കാതെ
എടുത്ത് ചവറ്റു കൊട്ടയിലേക്കിട്ടേക്കുക.
ഒപ്പം നിന്ന് ചതിച്ചവരെ, ചതിക്കുന്നവരെ, തിരിച്ചറിയുക.
നമുക്ക് ഇനിയും വഴക്കടിക്കാം. പക്ഷേ അപ്പോഴെല്ലാം നമ്മളൊക്കെ ആരാണ് എന്ന് മറക്കരുത്. ആരാകരുത് എന്ന് എപ്പോഴും ഓർമിക്കണം.
താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി
സമാനതകളില്ലാത്ത
സഹനത്തിലൂടെ
മൂന്നു പതിറ്റാണ്ട്
കടന്നു പോയ പുഷ്പന് ആദരാഞ്ജലികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button