ഡല്‍ഹി: ഗുരുഗ്രാമില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെപ്പ്. തിങ്കളാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലായിരുന്നു സംഭവം. എന്നാല്‍ ബുള്ളറ്റ് തറച്ച് പരിക്കേറ്റതാവട്ടെ അല്‍പം അകലെ നില്‍ക്കുകയായിരുന്ന മറ്റൊരാള്‍ക്കും. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തര്‍ക്കത്തിനിടെ വെടിയുതിര്‍ത്ത കപില്‍ എന്ന യുവാവിനെ പൊലീസ് പിന്നീട് പിടികൂടി. ഇയാള്‍ ഡല്‍ഹി സ്വദേശിയാണ്. ഗുരുഗ്രാമം അഞ്ജന കോളനിയില്‍ താമസിക്കുന്ന വിക്കി എന്നയാളെ അന്വേഷിച്ച് ഞായറാഴ്ച രാത്രി കപില്‍ ഈ പ്രദേശത്ത് എത്തി. കപിലിന് വിക്കിയുടെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്കിയും സഹോദരന്‍ ദിനേശും കപിലുമായി സംസാരിക്കാന്‍ തുടങ്ങി. സംസാരം പിന്നീട് രൂക്ഷമായ വാദപ്രതിവാദത്തിലേക്കും തര്‍ക്കങ്ങളിലേക്കും എത്തി.
ഇതിനിടെ കപില്‍ തോക്കെടുത്ത് ദിനേശിന് നേരെ വെടിയുതിര്‍ത്തു. എന്നാല്‍ അല്‍പം അകലെ നില്‍ക്കുകയായിരുന്ന ദിനേശിന്റെ ഡ്രൈവര്‍ അമിതിന്റെ ശരീരത്തിലാണ് വെടിയേറ്റത്. ഇയാളുടെ കാലില്‍ വെടിയുണ്ട തുളച്ചുകയറി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് അമിതിന് ചികിത്സ നല്‍കി. ഇയാള്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കപിലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി സെക്ടര്‍ 10എ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാര്‍ പറഞ്ഞു.
Post Your Comments