KeralaIndia

ലോറി ‌ഉയർത്തുക അർജുൻ കാബിനിലുണ്ടോ എന്ന് പരിശോധിച്ച ശേഷം, പ്രതികൂല കാലാവസ്ഥയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും വെല്ലുവിളി 

ബെം​ഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ ലോറി ​ഗം​ഗാവലി പുഴയിൽ നിന്നും ഇന്ന് പുറത്തെത്തിക്കാനായേക്കും. ട്രക്ക് കരയിലെത്തിക്കുന്നതിനെക്കാൾ പ്രാധാന്യം നൽകുന്നത് അർജുനെ കണ്ടത്തുന്നതിനാണ് എന്ന് സൈന്യം വ്യക്തമാക്കി. ∙ കുത്തൊഴുക്കുള്ള പുഴയിൽ ലോറി ഉറപ്പിച്ചു നിർത്തുകയും പിന്നീട് ലോറി കരയുമായി ബന്ധിപ്പിക്കുകയുമാണ് ആദ്യഘട്ടം.

തുടർന്ന് ലോറിക്കുള്ളിൽ അർജുനുണ്ടോ എന്ന് കണ്ടെത്തിയ ശേഷമേ ലോറി ഉയർത്തി കരയിലെത്തിക്കുകയുള്ളു. ഇതിനാവശ്യമായ ഉപകരണങ്ങൾ ഇന്നലെ രാത്രിതന്നെ സൈന്യം ഇവിടെ എത്തിച്ചിട്ടുണ്ട്. എന്നാൽ, പ്രതികൂല കാലാവസ്ഥയും പുഴയിലെ ജലനിരപ്പ് ഉയരുന്നതുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. നദിയിൽ കുത്തൊഴുക്കുമുണ്ട്. കനത്ത മഴക്കൊപ്പം തന്ന ശക്തമായ കാറ്റും വീശുന്നത് തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ലോറി പുഴയിൽ നിന്ന് ഇന്നു പുറത്തെടുക്കുന്നതിനായി സൈന്യം വിവിധ ഉപകരണങ്ങൾ രാത്രിയോടെ സ്ഥലത്തെത്തിച്ചു. കരയിൽ നിന്ന് 20 മീറ്റർ അകലെ 5 മീറ്റർ ആഴത്തിൽ ലോറി ഉണ്ടെന്നും അത് അർജുൻ ഓടിച്ചതു തന്നെയാണെന്നും സ്ഥിരീകരിച്ചു. അടുത്തെത്താൻ നാവികസേനാ സംഘവും മുങ്ങൽ വിദഗ്ധരും ശ്രമിച്ചെങ്കിലും കനത്ത മഴയും പുഴയിലെ അടിയൊഴുക്കും തടസ്സമായി.

മണ്ണിടിച്ചിൽ സമയത്ത് അർജുൻ ലോറിയുടെ കാബിനുള്ളിൽ ഉറങ്ങുകയായിരുന്നു എന്നാണ് ഇപ്പോൾ കരുതുന്നത്. അങ്ങനെയെങ്കിൽ ലോറിക്കൊപ്പം അർജുനും മണ്ണിടിച്ചിലിൽ നദിയിൽ വീണിട്ടുണ്ടാവും. ലോറി എൻജിൻ ഓൺ ചെയ്തു വച്ച് ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്താണ് അപകടമെങ്കിൽ പുഴയിലേക്ക് ഒലിച്ചുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ദേശീയപാതയിലേക്ക് ഇടിഞ്ഞു വീണ ഷിരൂർ കുന്നിലും ഗംഗാവലി പുഴയിലും റഡാറും മണ്ണുമാന്തിയും അടക്കമുള്ള ഉപകരണങ്ങളുപയോഗിച്ച് ഒരാഴ്ചയിലേറെയായി തിരച്ചിൽ നടത്തുകയായിരുന്നു. അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടർ, ഫെറക്സ് ലൊക്കേറ്റർ അടക്കമുള്ളവ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്നലെ ലോറി കണ്ടെത്തിയത്.

കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ആണ് വൈകിട്ട് 3.25ന് ലോറി കണ്ടെത്തിയത് സ്ഥിരീകരിച്ചത്. ഇന്ന് ലോറിയുടെ അടുത്തെത്താനും അതു പുറത്തെടുക്കാനുമുള്ള ശ്രമമാകും സൈന്യം നടത്തുക. രക്ഷാപ്രവർത്തന സ്ഥലത്തേക്ക് ഇന്നു സൈന്യത്തിനു മാത്രമാണ് പ്രവേശനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button