കോഴിക്കോട്: മനാഫിനെതിരെ പത്രസമ്മേളനം നടത്തിയതിന് അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം. കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷമാണ് സൈബർ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. യൂട്യൂബ് ചാനലുകളിൽ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു. പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ മാര്‍ക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളില്‍ പ്രചരിപ്പിക്കുന്നത് അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല.
അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍ തുടങ്ങിയ ആക്ഷേപങ്ങൾ നേരിടുന്നുണ്ട്. അര്‍ജുന്‍ മരിച്ചത് നന്നായെന്ന കമന്റുകൾ ഉൾപ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കിയെന്നും ജിതിൻ പറഞ്ഞു. വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്മാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. അർജുന്റെ മകൻ അയാനെ നാലാമത്തെ കുട്ടിയായി വളർത്തുമെന്ന് അദ്ദേഹത്തിന്‍റെ പ്രതികരണം കൃഷ്ണപ്രിയയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അങ്ങനൊരു ആവശ്യം തങ്ങള്‍ മുന്നോട്ട് വെച്ചിട്ടില്ലെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.
ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെയും കുടുംബം രംഗത്തെത്തി. ‘മൂന്നാം ഘട്ട തിരച്ചിലില്‍ മാല്‍പെയുടെ ആവശ്യമുണ്ടായിരുന്നില്ല. മാല്‍പെയും മനാഫും നാടകം കളിച്ച് രണ്ട് ദിവസം നഷ്ടമാക്കി. മാല്‍പെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി യുട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ പറഞ്ഞു,’ കുടുംബം പറഞ്ഞു. മനാഫിനും യൂട്യൂബ് ചാനലുണ്ട്. യൂട്യൂബ് ചാനലിന് വേണ്ടിയുള്ള നാടകമായിരുന്നു. അര്‍ജുനെ കിട്ടിയാല്‍ എല്ലാം നിര്‍ത്തുമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ലെന്നും കുടുംബം ആരോപിച്ചു.
Post Your Comments