Latest NewsKeralaIndia

ഡിഎന്‍എ ഫലം ഇന്ന് ഉച്ചയോടെ വന്നേക്കും, അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയോടെ തന്നെ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് മംഗളൂരുവിലെ റീജിണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിരുന്നു.

ഫലം എത്തിയാല്‍ ഉടന്‍ മൃതദേഹവും വഹിച്ച് കോഴിക്കോട്ടേക്ക് തിരിക്കാനുള്ള നടപടികള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ മൃതദേഹം കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎന്‍എ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് അര്‍ജുന്റെ ബന്ധുക്കളെ പൊലീസ് അറിയിച്ചത്. അങ്ങനെയെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കര്‍ണാടക പൊലീസും അകമ്പടി വരും.

ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചുള്ള തിരച്ചിലിലാണ് ബുധനാഴ്ച വൈകീട്ട് അര്‍ജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. അര്‍ജുന്റെ മൊബൈല്‍ ഫോണുകളും വസ്ത്രങ്ങളും പേഴ്‌സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും ലോറിയുടെ കാബിനില്‍ നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെയാണ് പൂര്‍ണമായും ലോറി കരയ്ക്ക് കയറ്റിയത്. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് പേരെ കൂടി കണ്ടെത്താനുള്ള തിരച്ചില്‍ ഗംഗാവലിയില്‍ പുരോഗമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button