KeralaLatest NewsIndia

അര്‍ജുന്‍ അവസാനം ഇരുന്ന സ്ഥലത്ത് വന്നൊന്ന് കരയണമെന്ന് അമ്മയും കൃഷ്ണപ്രിയയും പറഞ്ഞിരുന്നു: ജിതിന്‍

ഷിരൂര്‍: മരണം വരെ മനസ്സില്‍ ഉണ്ടാകുന്ന സ്ഥലമാണ് ഷിരൂര്‍ എന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബമാണ് പെട്ടെന്ന് ഒരു ദിവസം ചിന്നിച്ചിതറിയതെന്നും ആ കുടുംബത്തിന് താങ്ങായി നില്‍ക്കണമെന്ന അര്‍പ്പണബോധം തന്നില്‍ ഉണ്ടായിരുന്നുവെന്നും ജിതിന്‍ പ്രതികരിച്ചു. അര്‍ജുന്‍ ഉറങ്ങിയ സ്ഥലമാണ് ഇത്. കുടുംബത്തിന് ഇവിടെ വരണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

അര്‍ജുന്‍ അവസാനം ഇരുന്ന സ്ഥലത്ത് ഇരുന്നൊന്ന് കരയണമെന്ന് അമ്മയും ഭാര്യ കൃഷ്ണപ്രിയയുമെല്ലാം പറഞ്ഞിരുന്നു.അര്‍ജുന്‍ എനിക്ക് ഒരു അളിയന്‍ മാത്രമായിരുന്നില്ല. ഞങ്ങള്‍ക്ക് എന്ത് പ്രശ്‌നം വന്നാലും ആദ്യം ഓടിയെത്തിയിരുന്നത് അര്‍ജുനാണ്. മൂന്നാംഘട്ട തെരച്ചിലിലാണ് ഞങ്ങള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടായിരുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഡിഎന്‍എ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.

കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ.

മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. മണ്ണിടിച്ചിലില്‍ കാണാതായ മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വീട്ടുകാരുടെ പ്രീയപ്പെട്ട കുട്ടൻ അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. എത്രയും വേ​ഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഭരണകൂടം.അർജുൻ ഓടിച്ചിരുന്ന ലോറി പൂർണമായി കരയിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിച്ചു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായുള്ള തെരച്ചിലാണ് തുടരുന്നത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

ദുരന്തം നടന്ന് 72ാം ദിവസമാണ് അ‌ർജുനും ട്രക്കും എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്. തകർന്ന ക്യാബിനുള്ളിൽ ജീർണിച്ചനിലയിൽ കുടുങ്ങിക്കിടന്ന മൃതദേഹം ഇന്നലെതന്നെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഗംഗാവലി പുഴയിൽ ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. ട്രക്ക് നിറുത്തിയിട്ടിരുന്ന ലക്ഷ്മണന്റെ ചായക്കടയുടെ മുന്നിലെ റോഡിൽ നിന്ന് 120 മീറ്റർ ദൂരത്തിൽ 12 മീറ്റർ താഴ്ചയിലായിരുന്നു അത്. നാവികസേനയുടെ ഡ്രോൺ പരിശോധനയിൽ മാർക്ക് ചെയ്തിരുന്ന പോയിന്റ് രണ്ടിലെ (സി.പി-2) മൺകൂനയ്ക്കടിയിൽ ഇന്നലെ രാവിലെയാണ് സ്‌കൂബ ഡൈവേഴ്സ് സംഘം ട്രക്കിന്റെ ഭാഗം കണ്ടെത്തിയത്. തലകീഴായി ചെളിക്കുണ്ടിലാണ്ട നിലയിലായിരുന്നു.

മണ്ണും കല്ലും പാറയും നിറഞ്ഞ ലോറിയുടെ ക്യാബിനിൽ പൂർണമായി ജീർണിച്ച് ശരീരഭാഗങ്ങൾ വേർപെട്ടനിലയിലായിരുന്നു മൃതദേഹം. ഷിരൂരിലെ ദേശീയപാതയ്ക്കു സമീപം നിറുത്തിയിട്ട ട്രക്കിൽ അർജുൻ ഉറങ്ങിക്കിടക്കുമ്പോഴാണ് കുന്നിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് പതിച്ചത്.ഇന്നലെ രാവിലെ ട്രക്കിന്റെ അണ്ടർവാട്ടർ ദൃശ്യങ്ങൾ പകർത്തിയ നാവികസേന,​ മേലധികാരികളെയും ജില്ല ഭരണകൂടത്തെയും അത് ബോധ്യപ്പെടുത്തി. തുടർന്ന് പുഴയിലെ വെള്ളം കുറയാൻ വേലിയിറക്കം വരെ കാത്തിരുന്നു. വൈകിട്ട് മൂന്നു മണിയോടെ ഡ്രെഡ്ജറിലെ ക്രെയിൻ ഉപയോഗിച്ച് ട്രക്കിന്റെ ക്യാബിൻ ഉയർത്തി. ക്യാബിനിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് ബോട്ടിലേക്കുമാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button