ശ്രീകണ്ഠപുരം: മത്സ്യവുമായി വണ്ടിയിൽ വന്ന് കടകളിലും വീടുകളിലും കവർച്ച നടത്തി മുങ്ങുന്ന രണ്ട് പേര് അറസ്റ്റിൽ. കർണാടക ഷിമോഗ സാഗർ ഫസ്റ്റ് ക്രോസ് എസ്.എൻ. നഗറിലെ മുഹമ്മദ് ജാക്കിർ (32), സാഗർ ഫിഫ്ത് ക്രോസ് ജന്നത്ത് നഗറിലെ നൗഫൽ (32) എന്നിവരെയാണ് പിടികൂടിയത്. ഇരിക്കൂർ എസ്.ഐ. പി.ബാബുമോൻ ആണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് പുലർച്ചെ പടിയൂർ പൂവ്വം റോഡിലെ അബ്ദുൾ ഷബാഹിന്റെ വീട്ടിൽ കവർച്ച നടത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇവരെ പിടികൂടിയത്. സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാത്രി ഷിമോഗ സാഗറിൽനിന്ന് അറസ്റ്റ് ചെയ്തത്. മീൻവണ്ടിയിൽ രാത്രിയിൽ മത്സ്യവുമായി വരുന്നതിനിടെ വീടുകളും കടകളും കണ്ടുവെക്കും. പുലർച്ചെ കവർച്ച നടത്തി നാട്ടിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. കുമ്പളയിലും കർണാടകയിലെ പല സ്ഥലത്തും ഇവർ കവർച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
എ.എസ്.ഐ. ലക്ഷ്മണൻ, സീനിയർ സി.പി.ഒ.മാരായ കെ.വിപ്രഭാകരൻ, കെ.ജെ.ജയദേവൻ, ഷംസാദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post Your Comments