കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹാവശിഷ്ടം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിജയന്റെ കർമങ്ങൾ ചെയ്തത് മകനും കൊലക്കേസ് പ്രതിയുമായ വിഷ്ണുവാണ്. മാർച്ചിൽ കാഞ്ചിയാറിൽ, വിഷ്ണു ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വാടകവീടിന്റെ തറ മാന്തിയാണ് വിജയന്റെ മൃതദേഹാവശിഷ്ടം പോലീസ് കണ്ടെടുത്തത്. ഫൊറൻസിക് പരിശോധനയ്ക്കായാണ് ഇത് ഇത്രയും നാൾ സൂക്ഷിച്ചത്.
ആദ്യം വിജയന്റെ മകളുടെ നവജാതശിശുവിനെയാണ് കൊന്നത്. ഈ കുഞ്ഞിന്റെ അച്ഛനായ പുത്തൻപുരയ്ക്കൽ നിതീഷും(31), വിജയനും മകൻ വിഷ്ണു(29)വും കൂടിയാണ് ഇത് ചെയ്തത്. പിന്നീട് വിജയനെ നിതീഷും വിഷ്ണുവുംചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മോഷണക്കേസിൽ നിതീഷും വിഷ്ണുവും പിടിയിലായതിനെത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഈ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
2016 ജൂലായിലാണ് നവജാതശിശുവിനെ കൊന്നത്. മുഖ്യപ്രതി നിതീഷിന് കൊല്ലപ്പെട്ട വിജയന്റെ മകളുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിലുണ്ടായ ആൺകുട്ടിയെ, ജനിച്ച് ഏതാനും ദിവസങ്ങൾക്കകം കൊല്ലുകയായിരുന്നു. നിതീഷാണ് കുഞ്ഞിനെ തുണികൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നത്. അന്ന് കുഞ്ഞിന്റെ കാലിലും കൈയിലും പിടിച്ചത് വിജയനും മകൻ വിഷ്ണുവുമായിരുന്നുവെന്ന് എഫ്.ഐ.ആറിലുണ്ട്. കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീട്ടിൽ കുഴിച്ചിട്ടുവെന്ന് നിതീഷ് മൊഴി നൽകിയിരുന്നു. എന്നാൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
2023 ഓഗസ്റ്റിൽ വിജയനെ നിതീഷ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൂടെ വിഷ്ണുവും ഉണ്ടായിരുന്നു. തർക്കത്തെത്തുടർന്നായിരുന്നു സംഭവം. വിജയന്റെ ഭാര്യ സുമയും കേസിൽ പ്രതിയാണ്. മുഖ്യപ്രതി നിതീഷിനെതിരേ കട്ടപ്പന പോലീസ് പീഡനക്കേസുകൂടി എടുത്തിട്ടുണ്ട്. സംഭവത്തിൽ മാപ്പുസാക്ഷിയാകാൻ, കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
Post Your Comments