പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിനു വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി: പിണറായി വിജയന്‍

തിരുവനന്തപുരം: പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനിക്കുമെന്നു നാലാമത് ലോക കേരള സഭയുടെ സമാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ ഭാവിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ നിന്നുപോകാതിരിക്കാന്‍ നിയമപരിരക്ഷ നല്‍കാന്‍ ശ്രദ്ധിക്കുമെന്നും പ്രതിപക്ഷത്തോടടക്കം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ജില്ലാ ആശുപത്രിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം

പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിനു വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2019ല്‍ ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രവാസികള്‍ക്കു മെച്ചമുള്ള നിക്ഷേപ പദ്ധതിയായി തുടരുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്കു നല്‍കിയിട്ടുണ്ട്. 2019 ലെ നിക്ഷേപകര്‍ക്ക് 2023 ജനുവരി മാസം മുതല്‍ പ്രതിമാസ ഡിവിഡന്റ് നല്‍കിത്തുടങ്ങി. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ സ്‌കീം വികസിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കും രോഗബാധിതര്‍ക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ള ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും നിലവിലുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയെന്ന ദീര്‍ഘകാല ആവശ്യവും നിര്‍വഹിക്കപ്പെടും’, മുഖ്യമന്ത്രി പറഞ്ഞു.

 

Share
Leave a Comment