മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിയെ ജയിലിൽ വച്ച് സഹതടവുകാർ കൊലപ്പെടുത്തി. മുഹമ്മദ് അലി ഖാന്‍ (മനോജ് കുമാര്‍ ഗുപ്ത 59) എന്നയാളെ മർദിച്ചാണ് കൊലപ്പെടുത്തിയത്. ജയിലിലെ കുളിമുറിയിൽ കുളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിയേറ്റാണ് മുഹമ്മദ് അലി ഖാന്‍ കൊല്ലപ്പെട്ടത്
1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു മുഹമ്മദ് അലിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതീക്, ദീപക് നേതാജി, സന്ദീപ് ശങ്കര്‍, ഋതുരാജ് വിനായക്, സൗരഭ് വികാസ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ജയിലിന്റെ കുളിമുറിയില്‍ കുളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. തര്‍ക്കത്തിനിടയില്‍ സഹ തടവുകാര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് മുഹമ്മദ് അലിയുടെ തലയില്‍ അടിക്കുകയായിരുന്നു. ബോധം പോയി നിലത്ത് വീണ മുഹമ്മദ് അലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments