വടകര: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രക്ക് പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്ന് പറഞ്ഞു നടന്ന പിണറായി വിജയൻ ഇടതുപക്ഷം മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് പരിഹാസം.
ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്നു സതീശൻ പറഞ്ഞു. വടകരയിൽ ഷാഫിക്കെതിരായ പ്രചരണങ്ങൾക്കെതിരായി യു ഡി എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
read also: അസംബന്ധമായ ആരോപണണം : അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
സതീശന്റെ വാക്കുകൾ ഇങ്ങനെ,
‘അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന ചൊല്ല് പോലെ ആണ് സി പി എമ്മിന്‍റെ ഇപ്പോഴത്തെ അവസ്ഥ. തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കൊണ്ടുള്ള ദുഷ് പ്രചാരണമാണ് ഷാഫിക്കെതിരെ നടക്കുന്നത്. വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് തോൽക്കും. സംസ്ഥാനത്ത് വലിയ രീതിയിൽ ഉള്ള പിന്തുണ ഷാഫിക്ക് വടകരയിൽ കിട്ടി. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും എൽ ഡി എഫ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇത് അടുത്ത നിയമ സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. വർഗീയത പറയുന്ന ബി ജെ പിയും വടകരയിലെ സി പി എമ്മും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. വർഗീയ വിവേചനം ഉണ്ടാക്കിയാൽ നേട്ടം സി പി എമ്മിന് ആയിരിക്കില്ലെന്നും അത് മുതലെടുക്കാൻ വർഗീയ കക്ഷികൾ ഉണ്ടെന്ന് സി പി എം ഓർക്കണം. ഒരു വർഗീയ കക്ഷികളുടെയും വോട്ട് യു ഡി എഫിന് വേണ്ട. സി പി എമ്മുകാർ വടകരയിൽ ഷാഫിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം വോട്ട് എണ്ണുമ്പോൾ സി പി എമ്മിന് മനസിലാകും’- പ്രതിപക്ഷ നേതാവ് പറഞ്ഞു.
Post Your Comments