KeralaLatest NewsIndia

സിപിഎമ്മിൽ കടുത്ത അതൃപ്തി, മുഖ്യമന്ത്രിയുടെ പരസ്യ ശാസന: ഇ.പിയുടെ എൽഡിഎഫ് കൺവീനർ സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാധ്യത. ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പുദിവസംതന്നെ ഇടതുകണ്‍വീനര്‍ പ്രതിസന്ധിയുണ്ടാക്കിയതിന്റെ ആഘാതത്തിലാണ് സി.പി.എമ്മും ഇടതുമുന്നണിയും.

ഇപിക്കെതിരെ കടുത്ത അമർഷമാണ് മുന്നണിയിലുള്ളത്. അതിനാൽ കൺവീനർ സ്ഥാനം ഇപിയ്ക്ക് നഷ്ടമായേക്കും. വോട്ട് ചെയ്തശേഷം ഇ.പി.ജയരാജന്റെ പേരെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി വൃത്തങ്ങളില്‍തന്നെ അമ്പരപ്പുളവാക്കിയിരുന്നു. മുഖ്യമന്ത്രി തന്നെ വിവാദം തണുപ്പിച്ചെങ്കിലും കേന്ദ്രകമ്മിറ്റിയംഗംകൂടിയായ ഇ.പി.യുടെ കാര്യത്തില്‍ സി.പി.എമ്മില്‍ സംഘടനാപരിശോധന അനിവാര്യമാവും.

ദല്ലാള്‍ നന്ദകുമാറിനൊപ്പമെത്തിയ പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ സംസാരിച്ചെന്ന് വെളിപ്പെട്ട സാഹചര്യത്തില്‍ അറ്റകൈ പ്രയോഗമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഈ പരസ്യശാസന. അത് ഉചിതമായെന്നും വിവാദം സംബന്ധിച്ച സത്യസ്ഥിതി ബോധ്യപ്പെടാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം സഹായിച്ചുവെന്നും പാര്‍ട്ടി വൃത്തങ്ങൾ കരുതുന്നത്.

ഇ.പി.യുടെ വെളിപ്പെടുത്തലിനുശേഷം, വൈകാതെതന്നെ സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു. സംസ്ഥാന നേതൃത്വത്തില്‍നിന്ന് വിവരങ്ങളും തേടി. നിലവിലെ വിവാദം തത്കാലം മുഖ്യമന്ത്രിയുടെ ആദ്യഘട്ട ശാസനയില്‍ ഒതുങ്ങുമെങ്കിലും വരുംദിവസങ്ങളില്‍ അതെങ്ങനെ വഴിത്തിരിയുമെന്നതിനെ ആശ്രയിച്ചാവും പാര്‍ട്ടിയുടെ പരിശോധന.

തിരഞ്ഞെടുപ്പുഫലത്തില്‍ തിരിച്ചടിയുണ്ടായാല്‍ അതിന്റെ പഴിയില്‍നിന്ന് ഇ.പി.ക്കു രക്ഷപ്പെടാനാവില്ല. സംസ്ഥാനനേതൃത്വം സ്വീകരിക്കുന്ന സമീപനവും ഇ.പി.യുടെ ഭാവി നിശ്ചയിക്കും. അതേസമയം, കൂടിക്കാഴ്ച അത്ര നിസ്സാരമായി കാണാനാവില്ലെന്നാണ് ഇടതുപക്ഷത്തുതന്നെയുള്ള അഭിപ്രായം.

ജാവഡേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന് ഇ.പി. വാദിക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ച പരസ്യപ്പെടുത്താന്‍ അദ്ദേഹം വോട്ടെടുപ്പുദിനം തിരഞ്ഞെടുത്തതിലാണ് അസ്വാഭാവികത. ഇതിലുമുണ്ട് നേതാക്കള്‍ക്ക് നീരസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button