Latest NewsKerala

എന്റെ മകനെ കൊലപ്പെടുത്തിയ ഈ നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തണം, രാജ്യത്തും വേണ്ട: സിദ്ധാര്‍ത്ഥന്റെ അച്ഛന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ വെച്ച് മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍. നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തി വിടണമെന്നും തന്റെ മകനെ കൊലപ്പെടുത്തിയ പാര്‍ട്ടി രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലെന്നും ജയപ്രകാശ് പറഞ്ഞു.

‘രാജ്യത്ത് ഇനി ഈ പാര്‍ട്ടി ഉണ്ടാകരുത്. ഏറ്റവും നല്ല രീതിയില്‍ ദ്രോഹിച്ച പാര്‍ട്ടിയാണത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കൊന്നവരെ സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയാണ്. പ്രതികളെ അനുകൂലിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. സിബിഐ അന്വേഷണം വൈകിപ്പിച്ചത് സര്‍ക്കാരാണ്.’ എസ്എഫ്‌ഐ മകനെ കൊന്നു കൊല വിളിച്ചുവെന്നും കുറ്റാരോപിതനായ സർവകലാശാലാ വൈസ് ചാന്‌‌സ്ലറെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ആരോപിച്ചു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗത്തിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം തുടരും. കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത് ഈ മാസം ആറിനാണ്. എസ്പി എം സുന്ദര്‍വേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button