തിരുവനന്തപുരം: അരുണാചലിൽ ഹോട്ടൽ മുറിയിൽ കോട്ടയം സ്വദേശികളായ ദമ്പതികളും സുഹൃത്തായ യുവതിയും മരിച്ച സംഭവത്തിന് പിന്നിൽ അന്ധവിശ്വാസമെന്ന് സൂചന. വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് കാവിൽ ദേവി (41) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് മുമ്പ് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതെല്ലാം മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു. മൂന്നു പേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ആരോടും മനസ്സുതുറക്കാത്ത വിധമായിരുന്നു മൂവരുടെയും പെരുമാറ്റം. ഏതാനും മാസങ്ങളായി ആരോടും ഇടപഴകാത്ത തരത്തിലായിരുന്നു ജീവിതം.മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണെന്ന് ഇവരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോൾ പൊലീസിന് വ്യക്തമായിട്ടുണ്ട്.
മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തിരച്ചിലിൽ വന്നിട്ടുണ്ട്. ദേവി പുനർജൻമത്തിൽ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങൾ കൂടുതലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽനിന്നു രക്തം വാർന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്.
മരിച്ച ആര്യയ്ക്കും നാട്ടിൽ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.അതേസമയം, ആര്യയുടെ മൃതദേഹത്തിൽ മുറിവുകളുണ്ടെന്ന് കുടുംബത്തെ വിവരം അറിയിച്ച അരുണാചൽ പ്രദേശിൽനിന്നുള്ള പൊലീസ് അറിയിച്ചിരുന്നു.
സ്വയം ഉണ്ടാക്കാൻ പറ്റുന്ന മുറിവുകൾ അല്ല ആര്യയുടെ ശരീരത്തിലുള്ളതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നവീൻ ഇവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. ദേവിയും ആര്യയും തമ്മിൽ പിരിയാനാകാത്തവിധമുള്ള ബന്ധമാണോ ദാരുണസംഭവത്തിലേക്ക് നയിച്ചതെന്നത് സംബന്ധിച്ച സാധ്യതകളും പൊലീസ് അന്വേഷിക്കും.
Leave a Comment