കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിന് സമീപമുള്ള നൊച്ചിപൊയിൽ ജനവാസ മേഖലയിൽ കണ്ടത് കരിമ്പുലി അല്ലെന്ന് വനം വകുപ്പ്. താമരശ്ശേരി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാട്ടുപൂച്ചയാണ് പ്രദേശത്ത് ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. അയൽവാസികളായ രണ്ട് വീട്ടുകാർ വ്യത്യസ്ത സമയങ്ങളിൽ കരിമ്പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതോടെ നാട്ടുകാർ ഏറെ ആശങ്കയിലായിരുന്നു
കരിമ്പുലി ഇറങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പ്രചരിച്ചതിനാൽ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയത്. ഇതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം മൂന്നാറിൽ കരിമ്പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാർ സേവൻമലയിൽ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ കണ്ടത്. സമാനമായ രീതിയിൽ ഒന്നര വർഷം മുൻപ് രാജമലയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഈ കരിമ്പുലിയാകാം സേവർ മലയിൽ ഉള്ളതെന്നാണ് വനം വകുപ്പിന്റെ നിഗമനം. മൂന്നാറിലെ ജനവാസ മേഖലയിൽ ഇതുവരെ നാട്ടുകാർ കരിമ്പുലിയെ കണ്ടിട്ടില്ല.
Post Your Comments