നിലമ്പൂര്‍: കരുളായി വനം റെയ്ഞ്ചിലെ നെടുങ്കയത്ത് രണ്ട് വിദ്യാർത്ഥിനികൾ പുഴയിൽ മുങ്ങിമരിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ ആണ് സമീപത്തെ കരിമ്പുഴയില്‍ മുങ്ങിമരിച്ചത്. കുറുങ്കാട് കന്‍മനം പുത്തന്‍ വളപ്പില്‍ ആയിഷ റിദ (14), പുത്തനത്താണി ചെല്ലൂര്‍ കുന്നത്ത് പീടിയേക്കല്‍ ഫാത്തിമ മൊഹ്‌സിന (11) എന്നിവരാണ് മരിച്ചത്. തിരൂര്‍ ഉപജില്ലയിലെ കല്‍പ്പകഞ്ചേരി കല്ലിങ്ങപ്പറമ്പ എം.എസ്.എം.എച്ച.എസ്. സ്‌കൂളിലെ ഒമ്പതും ആറും ക്ലാസ്സുകളില്‍ പഠിക്കുന്നവരാണ് മരിച്ച വിദ്യാര്‍ഥിനികള്‍.
സ്‌കൂളിലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ ക്യാമ്പിനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. 49 വിദ്യാര്‍ഥികളും എട്ട് അധ്യാപകരുമടങ്ങിയ സംഘത്തിലെ കുട്ടികളാണ് മരണപ്പെട്ടത്. 33 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍നിന്ന് പുറപ്പെട്ട സംഘം നിലമ്പൂരിലെ കനോലി പ്‌ളോട്ടിലും തേക്ക് മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി ഉച്ചക്കുശേഷമാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്.
അവിടെ താമസിക്കാനുള്ള അനുമതി വനംവകുപ്പില്‍നിന്ന് വാങ്ങിയ ശേഷം ക്യാംപിനായുള്ള തയ്യാറെടുപ്പിലായിരുന്നു കുട്ടികൾ. പെണ്‍കുട്ടികള്‍ ഇറങ്ങിയ ഭാഗം അപകട മേഖലയായിരുന്നു. വലിയ കയമുള്ള ഇവിടെ പുഴയിലിറങ്ങിയ കുട്ടികളില്‍ ചിലര്‍ മുങ്ങിത്താഴുന്നത് കണ്ട് ചില അധ്യാപകര്‍ ഓടിയെത്തി പുഴയിലിറങ്ങിയാണ് ഇവരെ പുറത്തെടുത്തത്. പക്ഷെ യാത്രാമധ്യേ ഇരുവരും മരണപ്പെടുകയായിരുന്നു.
Post Your Comments