ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് പിണറായി വിജയൻ. കെജ്‍രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് പറഞ്ഞ പിണറായി വിജയൻ, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും ആരോപിച്ചു. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എഎപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ ഡല്‍ഹി മന്ത്രിമാരായ അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ് എന്നിവരെയും അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കുറ്റമാരോപിച്ച് എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കെജ്‌രിവാളിനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉള്‍പ്പെടെ ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിന്നാലെ, അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കെജ്‌രിവാൾ പിൻവലിച്ചു. വിചാരണ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിച്ചു. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് സഞ‍്ജീവ് ഖന്നയുടെ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി കേജ്രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി അറിയിച്ചത്. കേജ്രിവാളിന്റെ ഹര്‍ജിക്കെതിരെ ഇഡി തടസ ഹര്‍ജി നല്‍കിയിരുന്നു.
Leave a Comment