KeralaLatest News

വാക്ക് പാലിച്ച് സുരേഷ് ഗോപി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം കൈമാറി

തൃശൂര്‍: കേരളപ്പിറവി ദിനത്തിൽ നൽകിയ വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം അദ്ദേഹം നല്‍കി. 10 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാമെന്ന് കഴിഞ്ഞ നവംബറിലെ കേരളപ്പിറവിദിനത്തില്‍ താരസംഘടനയായ ‘അമ്മ’-യുടെ ഓഡിറ്റോറിയത്തില്‍ പ്രതീക്ഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സുരേഷ്‌ഗോപി അറിയിച്ചിരുന്നു.

തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ സുരേഷ്‌ഗോപി നെട്ടിശേരിയിലെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നീ പത്ത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.

ഒരാള്‍ക്ക് 1,20,000 രൂപ ചെലവ് വരും. സര്‍ക്കാരില്‍നിന്ന് പിന്നീട് ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോള്‍ പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും കാലതാമസം വരും. പണം തിരിച്ചുകിട്ടുന്നതു പ്രകാരം അടുത്ത പത്തുപേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം. പണം തനിക്ക് തിരിച്ചു തരേണ്ടതില്ലെന്ന് സുരേഷ്‌ഗോപി നേരത്തെ പറഞ്ഞിരുന്നു.

പകരം സര്‍ക്കാരില്‍നിന്ന് തുക തിരിച്ചുകിട്ടുന്ന മുറയ്ക്ക് അടുത്ത പത്ത് പേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മുംബൈ പ്രതീക്ഷാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സുജിത് ഭരത്, കിരണ്‍ കേശവന്‍, ബൈജു പുല്ലംങ്കണ്ടം, ഷീബ സുനില്‍, ടി.ആര്‍. ദേവന്‍ എന്നിവരും പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button