കൊച്ചി: ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയും കുടുംബവും സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ തൂക്കം സംബന്ധിച്ച് തർക്കങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ്. സുരേഷ് ഗോപിയെന്ന മനുഷ്യനെ ഈ വിധം തേജോവധം ചെയ്യുന്ന അധമ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയുമെന്ന് അഞ്‍ജു പറയുന്നു. തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിച്ചാലും തോറ്റാലും അയാൾ എന്നും ഇങ്ങനൊക്കെ തന്നെയായിരിക്കുമെന്നും കാരണം മനുഷ്യൻ എന്ന പരീക്ഷയിൽ അയാൾ എന്നും ഒന്നാമൻ തന്നെയാണെന്നും അഞ്‍ജു പറയുന്നു.
അഞ്‍ജു പാർവതി പ്രഭീഷ്:
ഒരു മനുഷ്യനെ ഈ വിധം തേജോവധം ചെയ്യുന്ന അധമ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. ഹൃദയത്തിൽ നിന്നും സമർപ്പിച്ച നേർച്ചയ്ക്ക് വരെ കണക്ക് പറയേണ്ടി വരുന്ന രാഷ്ട്രീയപക പോക്കലുകളോട് എന്നും അകൽച്ച മാത്രം. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, അതും മോദിയെന്ന രാഷ്ട്രീയനേതാവിനെ പിന്തുണയ്ക്കുന്നത് കൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയിൽ ഉൾപ്പെട്ടതുകൊണ്ടും മാത്രം തുടക്കം മുതൽ പ്രബുദ്ധ കേരളം ശത്രുവായി കാണുന്ന ഒരു മനുഷ്യൻ. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റം എന്നത് പോലെ സുരേഷ് ഗോപി എന്ന മനുഷ്യൻ എന്ത് ചെയ്താലും അതിൽ നെഗറ്റീവ് മാത്രം കണ്ടെത്തുന്ന കുറേ കുഴിത്തുരുമ്പ് മനുഷ്യർ.!!
കൊല്ലം ഇൻഫെന്റ് ജീസസ് കോൺവെന്റിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ സുരേഷ് ഗോപിക്ക് സ്വന്തം വിശ്വാസത്തിനൊപ്പം ക്രൈസ്തവ വിശ്വാസം ഉണ്ടാവുക സ്വാഭാവികം എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത വിവരം കെട്ട കുറേ മനുഷ്യർ. അവർ ഉണ്ടാക്കുന്ന കോലാഹലം!! കൊല്ലത്തെ പള്ളികളിൽ നേർച്ച സമർപ്പിക്കാതെ തൃശൂരിലെ മാതാവിന് നേർച്ച സമർപ്പിച്ചത് എന്തെന്ന ചോദ്യോത്തരങ്ങൾ. നേർച്ച സമർപ്പിച്ച കിരീടത്തിലെ പൊന്ന് എത്രയെന്ന് തിരക്കിയുള്ള നെട്ടോട്ടം. വല്ലാത്ത കഷ്ടം തോന്നുന്നു ഇവറ്റകളോട്. നേർച്ച എന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യതയാണ്. അതേ പോലെ എന്ത് നേർച്ച നൽകണം എന്നതും. എത്ര തൂക്കം പൊന്ന് കൊണ്ട് കിരീടം ഉണ്ടാക്കി എന്ന് ശ്രീ സുരേഷ് ഗോപിക്ക് പൊതു സമൂഹത്തോട് വിളിച്ചു പ്പറയേണ്ട കാര്യമില്ല.
അതേപോലെ ഞാൻ ഇതാ ഇത്ര കിലോ സ്വർണ്ണം കൊണ്ട് കിരീടം നൽകുന്നേ എന്ന് അങ്ങേര് മൈക്ക് കെട്ടി അനൗൺസ്‌മെന്റ് നടത്തിയിട്ടുമില്ല. ഇതെല്ലാം അവനവന്റെ മനോധർമ്മം അനുസരിച്ച് പാടി നടന്നത് ഇവിടുത്തെ ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബറമാരും പിന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്പാർട്ടിയിലെ കുറേ അണികളും ആണ്. അല്ലാതെ ശ്രീ സുരേഷ് ഗോപിയോ അദ്ദേഹത്തിന്റെ കുടുംബമോ അല്ല. അത് കൊണ്ട് തന്നെ ഈ പൊളിറ്റിക്കൽ വിചാരണയ്ക്ക് നിന്ന് കൊടുക്കേണ്ട കാര്യവും അദ്ദേഹത്തിന് ഇല്ല.
ഈ സുരേഷ് ഗോപി എന്ന വ്യക്തി രാഷ്ട്രീയക്കാരനാവും മുമ്പ്, വെള്ളിത്തിരയിലെ സൂപ്പർ സ്റ്റാർ ആവും മുമ്പേ തിരുവനന്തപുരം വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തിൽ പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് മുടങ്ങാതെ അന്നദാനം നടത്തിയിരുന്ന കാര്യം തിരുവനന്തപുരത്ത് പരസ്യമായ രഹസ്യമാണ്. പള്ളിവക സേവനങ്ങളിൽ എല്ലാം ആ മനുഷ്യന്റെ പങ്ക് എത്ര മാത്രം വലുതാണ് എന്ന് തിരുവനന്തപുരത്തെ വലിയതുറയിലെ ഓരോ മനുഷ്യർക്കും അറിയാം. അതായത് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയത് അല്ല സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും മാതാവിനോടും ജീസസിനോടും ഉള്ള വിശ്വാസം, സ്നേഹം എന്നർത്ഥം.
വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന തത്വം ജീവിതത്തിൽ പാലിച്ചിരുന്ന ഒരു മനുഷ്യൻ ആയത് കൊണ്ടും വിശ്വാസം എന്നത് ഒരാളുടെ വ്യക്തിപരമായ സ്വകാര്യം ആയത് കൊണ്ടും പണ്ടൊക്കെ അയാൾ ചെയ്തിരുന്ന പല കാര്യങ്ങളും പരസ്യം ആയില്ല എന്ന് മാത്രം. അത് കൊണ്ടാണ് രാഷ്ട്രീയ വെട്ടുക്കിളികൾക്ക് ഇതൊക്കെ കാണുമ്പോൾ അസഹിഷ്ണുത തോന്നുന്നത്.
ഓരോ വ്യക്തികൾക്കും ഈശ്വരൻ എന്നത് അവനവന്റേത് ആയ ഒരു വിശ്വാസമാണ്. എന്റെ പൂജാമുറിയിൽ എണ്ണമറ്റ ഹൈന്ദവ ദേവന്മാരുടെ ചിത്രങ്ങൾ ഉണ്ട്.പ്ലാസ്റ്റർ ഓഫ് പാരീസ് തൊട്ട് ചേമ്പ് ശില്പങ്ങൾ ഉണ്ട്. അതിന്റെ ഇടയ്ക്ക് വേളാങ്കണ്ണി മാതാവ് ഉണ്ട്, ഉണ്ണിയേശുവും ഉണ്ട്.പിന്നീട് ഉള്ള ഇത്തിരി സ്പെയിസിൽ സായി ബാബയും ഷിർദ്ദി ബാബയും ഉണ്ട്. അവരൊക്കെ ഉള്ളിടത്ത് തന്നെ ഒരു ചെറു പീഠത്തിൽ ബീമാപള്ളിയിൽ നിന്ന് കിട്ടിയ പച്ചപ്പട്ടിന്റെ ചെറു കഷണവും ഉണ്ട്. വൈകിട്ട് വീട്ടിൽ തിരി തെളിച്ചു രാമനാമം ജപിച്ചു ഇത്തിരി നേരം അവർക്കൊപ്പം ഇരിക്കുമ്പോൾ കിട്ടുന്ന മനസുഖം, പോസിറ്റീവ് ഫീൽ അതൊക്കെയാണ് എനിക്ക് ദൈവങ്ങളിൽ ഉള്ള വിശ്വാസം.
മതം തലയ്ക്ക് പിടിക്കാത്ത സാധാരണ മനുഷ്യർക്ക് ദേവാലയങ്ങൾ എന്നത് ഈശ്വരൻ വസിക്കുന്ന ഇടം എന്ന് മാത്രമാണ് അർത്ഥം. പല പേരുകളിൽ അറിയപ്പെടുന്ന സർവ്വശക്തനായ പ്രപഞ്ചനാഥൻ!! അങ്ങനെയുള്ളവർക്ക് അമ്പലത്തിൽ പോകുന്ന അതേ പോസിറ്റീവ് ഫീൽ ഇതര മത ദേവാലയങ്ങളിൽ പോയാലും കിട്ടും. അതിന് ഹൃദയം ശുദ്ധമായിരിക്കണം എന്ന് മാത്രം. അങ്ങനെയുള്ളവർക്ക് സുരേഷ് ഗോപി എന്ന വ്യക്തിയെ മനസ്സിലാവും.
കേവലം നാല് വോട്ട് കിട്ടുവാൻ വേണ്ടി സ്വന്തം വിശ്വാസത്തെ തള്ളിപ്പറഞ്ഞു, ഇതര മതമാണ് മഹത്തരം എന്ന് ഉദ്ഘോഷിക്കുന്ന കപട മതേതരന്മാർക്ക് അത് മനസ്സിലാവില്ല!!ഒരിക്കലും!!
എന്തിലും ഏതിലും വിവാദം കണ്ടെത്തുന്നവർക്ക് ഏതൊരു നല്ല കാര്യവും വെറും “ഷോ ” മാത്രമായിരിക്കാം. എന്നാൽ ചെയ്തതിന്റെ ഉദ്ദേശശുദ്ധി ചെയ്തയാൾക്ക് അറിയാവുന്നിടത്തോളം അയാൾ തന്റെ കർമ്മപാതയിലൂടെ ആരെയും ശ്രദ്ധിക്കാതെ നടന്നു പോകും. മറ്റുള്ളവർ കുരച്ചുകൊണ്ട് പിന്നാലെയും കൂടും.!!എന്തായാലും സത്യം അറിയാവുന്ന മാതാവ് എല്ലാം കണ്ട് കൊണ്ടിരിക്കുകയല്ലേ ❤️
NB : ഒരുപാട് തെരഞ്ഞെടുപ്പ് ഡ്രാമകളും ഷോകളും കാറ്റിൽപ്പറത്തി വിട്ട വാഗ്ദാനപ്പട്ടങ്ങളും കണ്ട് മടുത്തത് കൊണ്ട് ഈ തെരഞ്ഞെടുപ്പിൽ ഒരാൾക്ക് വേണ്ടിയും എഴുതില്ല എന്ന് തന്നെയാണ് കരുതിയത്. കാരണം പൊളിറ്റിക്സ് എന്നത് ഏറ്റവും വലിയൊരു ഡേർട്ടി ഗെയിം ആയ , അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അരങ്ങു വാഴുന്ന ഇന്നിന്റെ കേരളത്തിൽ. തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിച്ചാലും തോറ്റാലും അയാൾ എന്നും ഇങ്ങനൊക്കെ തന്നെയായിരിക്കും. കാരണം മനുഷ്യൻ എന്ന പരീക്ഷയിൽ അയാൾ എന്നും ഒന്നാമൻ തന്നെയാണ് ❤️ എങ്കിലും ജയിച്ചാൽ പത്തു ലക്ഷം രൂപയുടെ സ്വർണ്ണം മാതാവിന് എന്ന സ്റ്റേറ്റ്മെന്റിനോട് ഒട്ടും സമരസപ്പെടുന്നില്ല.
Post Your Comments