കണ്ണൂര്‍: തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണ് നിരക്ക്. ബസുകള്‍ക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാന്‍ കരാര്‍. ആകെ 18.6 കിലോമീറ്റര്‍ ദൂരമുളള ബൈപ്പാസില്‍ കൊളശ്ശേരിക്കടുത്താണ് ടോള്‍ പ്ലാസ. കാര്‍, ജീപ്പ്, വാന്‍ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപ ടോള്‍ നല്‍കണം.
ഇരുവശത്തേക്കും യാത്രയുണ്ടെങ്കില്‍ നിരക്ക് നൂറാകും. പ്രതിമാസം 50 യാത്രകള്‍ക്ക് 2195 രൂപ നല്‍കേണ്ടി വരും. ടോള്‍ പ്ലാസ കണ്ണൂര്‍ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റര്‍ ചെയ്ത ടാക്‌സി വാഹനങ്ങള്‍ക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകള്‍ക്കും ചെറു വാണിജ്യ വാഹനങ്ങള്‍ക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ 335 രൂപയാകും. പ്രതിമാസം 7430 രൂപയ്ക്ക് പാസും കിട്ടും.
ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. ദേശീയപാതയില്‍ നിലവില്‍ കല്യാശ്ശേരിയില്‍ ടോള്‍ പ്ലാസ പണിയുന്നുണ്ട്. 60 കിലോമീറ്ററില്‍ ഒരു ടോള്‍ പിരിവ് എന്നതാണ് നയം. അങ്ങനെയെങ്കില്‍ ദേശീയപാതാ നവീകരണം പൂര്‍ത്തിയായാല്‍ മാഹി ബൈപ്പാസിലെ ടോള്‍ പിരിവ് ഒഴിവാക്കും.
Post Your Comments