തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. നഗരത്തിലെ പ്രധാന റോഡുകളിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 25നാണ് ആറ്റുകാൽ പൊങ്കാല.
പൊങ്കാല അടുപ്പുകൾക്ക് സമീപം യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. ടൈൽ പാകിയ ഫുട്പാത്തുകളിൽ പൊങ്കാല അടുപ്പുകൾ സ്ഥാപിക്കരുത്. പൊങ്കാല ദിവസം വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ആഭരണങ്ങൾ വസ്ത്രത്തോട് ചേർത്ത് സേഫ്റ്റി പിൻ ഉപയോഗിച്ച് ബന്ധിപ്പിക്കേണ്ടതാണ്. സിറ്റി പോലീസാണ് ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
റെസിഡൻസ് അസോസിയേഷനുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
- ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക.
- ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുമ്പോൾ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് പരിശോധിക്കുക.
- ഭക്ഷ്യ പദാർത്ഥങ്ങൾ റോഡരികിൽ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
- തീ പടർന്ന് പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായ അകലത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
- തിക്കും തിരക്കും നിയന്ത്രിക്കുന്നതിനും പോലീസിനെ സഹായിക്കുന്നതിനുമായി വളണ്ടിയർമാരെ നിയോഗിക്കുക.
- റെസിഡൻസ് ഏരിയയിൽ മറ്റ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ അനുവദിക്കരുത്.
- സംശയാസ്പദമായി എന്തെങ്കിലും കാര്യം തോന്നുകയാണെങ്കിൽ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കണം.
Post Your Comments