കണ്ണൂർ: 4 പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തലശ്ശേരി-മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് മുൻപേ തന്നെ ബൈപ്പാസിലെ ടോൾ പിരിവ് ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി മുതലാണ് ദേശീയപാത അതോറിറ്റി ടോൾ പിരിവ് ആരംഭിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ ഷംസീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുക്കും.
കാറിനും ജീപ്പിനും ഒരു ഭാഗത്തേക്ക് 65 രൂപയും റിട്ടേൺ നിരക്ക് 100 രൂപയുമാണ്. ബസിനും ട്രക്കിനും ഒരു ഭാഗത്തേക്ക് 225 രൂപയും, റിട്ടേൺ 335 രൂപയുമാണ്. മിനി ബസിന് 105 രൂപയാണ് നിരക്ക്. 47 മീറ്റർ വീതിയും, 18.6 കിലോമീറ്റർ നീളവുമാണ് ബൈപ്പാസിന് ഉള്ളത്. തലശ്ശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളിൽ കയറാതെ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാടിനെയും കോഴിക്കോട് ജില്ലയിലെ അഴിയൂരിനെയുമാണ് ബൈപ്പാസ് ബന്ധിപ്പിക്കുന്നത്. മുഴപ്പിലങ്ങാട് ധർമ്മടം എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് ബൈപ്പാസ് കടന്നുപോകുക. ഒരു ഓവർ ബ്രിഡ്ജ്, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവ ഉൾപ്പെടുന്നതാണ് ബൈപ്പാസ്.
Also Read: കേരളം ചുട്ടുപൊള്ളുന്നു! 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Post Your Comments