ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ്. ഫെബ്രുവരി 21 മുതൽ 22 വരെയാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
15 വർഷത്തിന് ശേഷമാണ് ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്. ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
അതേസമയം, 2024-ൽ നടക്കുന്ന ഒമ്പതാമത് റെയ്സിന ഡയലോഗിൽ കിരിയാക്കോസ് മിത്സോട്ടാക്കിസ് മുഖ്യാതിഥിയാകും. മുംബൈയിലും അദ്ദേഹം സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രി അദ്ദേഹത്തിന് ഉച്ചഭക്ഷണ വിരുന്ന് നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഓഗസ്റ്റ് മാസം ഗ്രീസ് സന്ദർശിച്ചിരുന്നു. ഇന്ത്യ -ഗ്രീസ് ബന്ധം ‘തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ ഉയർന്നതായി അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തന്റെ പര്യടനം ഇന്ത്യ- ഗ്രീസ് സൗഹൃദത്തിനും പ്രത്യേകിച്ച് ജനങ്ങൾക്കിടയിലുള്ള സൗഹൃദത്തിനും ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Also: വരുമാനത്തേക്കാൾ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില: സുപ്രീം കോടതി
Post Your Comments