കൊല്ലം: കാറിടിച്ച് പരിക്കേറ്റ മുള്ളൻ പന്നിയെ കറിവെച്ച് കഴിച്ച സംഭവത്തിൽ ഡോക്ടർ പിടിയിൽ. കൊല്ലം വാളകത്താണ് സംഭവം. പരിക്കേറ്റ മുള്ളൻ പന്നിയെ കറിവെച്ച് കഴിച്ച ആയുർവേദ ഡോക്ടറാണ് വനം വകുപ്പിന്റെ പിടിയിലായത്. വാളകം സ്വദേശിയായ ആയുർവേദ ഡോക്ടർ പി. ബാജിയെയാണ് വനം വകുപ്പ് പിടികൂടിയത്. മുള്ളൻ പന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
കൊല്ലം വാളകം മേഴ്സി ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. കൊട്ടാരക്കരയിലേക്ക് പോകുമ്പോഴാണ് ഡോക്ടർ സഞ്ചരിച്ച വാഹനം മുള്ളൻ പന്നിയെ ഇടിച്ചത്. പുറത്തിറങ്ങിയ ഡോക്ടർ മുള്ളൻ പന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിക്കുകയും പിന്നീട് കറി വയ്ക്കുകയുമായിരുന്നു.
Also Read: ബേലൂർ മഗ്‌ന വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്, തിരുനെല്ലിയിലെ 6 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
അഞ്ചൽ റേഞ്ച് ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർ പിടിയിലായത്. പരിശോധനക്കായി ഡോക്ടറുടെ വീട്ടിൽ എത്തിയപ്പോൾ അടുപ്പിൽ മുള്ളൻ പന്നിയെ വേവിക്കുകയായിരുന്നു. പിന്നീട് വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും അധികൃതർ കണ്ടെത്തി.
Post Your Comments