ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഛര്‍ദ്ദിയെ തുടര്‍ന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ വീട്ടിലെത്തിയ കുട്ടി വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയെങ്കിലും വീണ്ടും ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ ചികിത്സക്കായി എത്തിക്കുകയായിരുന്നു.
Read Also: രഹസ്യം ഇനി പരസ്യമാകില്ല! കുറ്റകൃത്യങ്ങൾ ധൈര്യസമേതം അറിയിക്കാം, പുതിയ സംവിധാനവുമായി കേരള പോലീസ്
ഇവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. ഇന്നലെ പകല്‍ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാര്‍ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛര്‍ദ്ദിയുണ്ടായത്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കല്‍ കോളേജിലോ കോട്ടയം മെഡിക്കല്‍ കോളേജിലോ കുട്ടിയുടെ പോസ്റ്റ്്‌മോര്‍ട്ടം നടത്തും. ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Post Your Comments