തിരുവനന്തപുരം: ജയിലിലെ ഭക്ഷണ വിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചു. ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. 21 വിഭവങ്ങൾക്കാണ് വില വർദ്ധിക്കുന്നത്. വില വർദ്ധനയുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് നൽകിയ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി. ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർദ്ധനവ്. ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതവും ഉയർത്തി. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതിനാലാണ് നിരക്ക് വർദ്ധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
40 രൂപയായിരുന്ന ഊണിന് ഇനി 50 രൂപയായിരിക്കും വില. ചിക്കൻ ഫ്രൈയുടെ വില 35 രൂപയിൽ നിന്നും 45 രൂപയായും ഉയരും. അതേസമയം, ജയിൽ ചപ്പാത്തിയുടെ വിലയിൽ മാറ്റമുണ്ടാകില്ല. 170 രൂപ വിലയുണ്ടായിരുന്ന 750 ഗ്രാം പ്ലം കേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്റേതിന് 85 ൽ നിന്ന് 100 രൂപയാക്കിയിട്ടുണ്ട്. വില വർദ്ധനവ് സാധാരണക്കാർക്ക് തിരിച്ചടിയാകും.
ഫ്രീഡം ഫുഡ് എന്ന പേരിലാണ് സംസ്ഥാനത്തുടനീളം ജയിലിലെ ഭക്ഷണ വിഭവങ്ങൾ വിൽപ്പന നടത്തുന്നത്.
Post Your Comments