തിരുവനന്തപുരം: കേരളഗാനത്തിനായി വരികള്‍ എഴുതിയ തന്നെ അപമാനിച്ചെന്ന പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തില്‍ പ്രതികരിച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഒഴിവാക്കിയിട്ടില്ലെന്ന് സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ മൂന്നുപേരുടെ വരികള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും വരികള്‍ക്ക് സംഗീതം നല്‍കിയശേഷം അന്തിമ തീരുമാനം എടുക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. എഴുതിക്കിട്ടിയ വരികള്‍ക്ക് സംഗീതം നല്‍കിയശേഷം ഒരു കമ്മിറ്റിയുടെ മുമ്പാകെ വെക്കും. അതിനു ശേഷം മാത്രമായിരിക്കും ഏതു ഗാനം വേണമെന്ന അന്തിമ തീരുമാനം എടുക്കുക. അതുകൊണ്ടാണ് ശ്രീകുമാരന്‍ തമ്പിയെ ഇതു സംബന്ധിച്ച് നേരിട്ട് തീരുമാനം അറിയിക്കാതിരുന്നത്.
സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മിറ്റിയാണ് തീരുമാനമെടുക്കുന്നത്. സാഹിത്യ അക്കാദമി ഇക്കാര്യത്തില്‍ ഒരു ഏജന്‍സി മാത്രമാണ്. ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ഇതുവരെ അന്തിമമായി നിരസിച്ചിട്ടില്ല, സച്ചിദാനന്ദൻ പറഞ്ഞു. അതേസമയം, ശ്രീകുമാരൻ തമ്പിയുടെ ഗാനം ഇതുവരെ വേണ്ടെന്നുവെച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍ പറഞ്ഞു. നിലവില്‍ ഒരു പാട്ടും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല.
ശ്രീകുമാരന്‍ തമ്പിയെ അപമാനിക്കുകയെന്ന ഒരു ഉദ്ദേശവും സാഹിത്യ അക്കാദമിക്കില്ലെന്നും അബൂബക്കര്‍ പറഞ്ഞു. സര്‍ക്കാരിന് വേണ്ടി കേരള ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് തന്നെ അപമാനിച്ചുവെന്നായിരുന്നു ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ ദിവസം ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.
കെ. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി അബൂബക്കറുമാണ് ഗാനം എഴുതാന്‍ ആവശ്യപ്പെട്ടതെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. എഴുതിയ ഗാനം മാറ്റിയെഴുതാന്‍ ഇരുവരും ആവശ്യപ്പെട്ടു. മൂവായിരത്തിലധികം പാട്ടുകളെഴുതിയ തനിക്ക് ഗദ്യകവിയുടെ മുമ്പില്‍ അപമാനിതനാകേണ്ടി വന്നു. ഇക്കാര്യത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Post Your Comments