
കൊച്ചി: കള്ളനോട്ടുമായി പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയ ബംഗ്ലാദേശ് സ്വദേശി 15 വർഷമായി താമസിക്കുന്നത് കേരളത്തില്‍. അലൈപ്പൂർ സ്വദേശി സലിം മണ്ഡലിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. റൂറല്‍ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യങ്ങള്‍ സമ്മതിച്ചത്.
18 വർഷം മുൻപാണ് ഇന്ത്യയില്‍ എത്തിയത്. ബംഗാളില്‍ നിന്നാണ് ഇയാള്‍ ഇന്ത്യൻ പാസ്പോർട്ടും ആധാർ കാർഡും എടുത്തത്. പാസ്പോർട്ടില് ബംഗ്ലാദേശ് വിസ പതിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രതി ബംഗ്ലാദേശില്‍ പോയി വന്നിരുന്നത്. കേരളത്തില്‍ നിന്നും മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ബംഗ്ലാദേശില്‍ എത്തിക്കും. ഇത് വിറ്റുകിട്ടുന്ന പണം കള്ളനോട്ടായാണ് കേരളത്തില്‍ എത്തിക്കുക. 50 ഓളം ഫോണുകളാണ് ഓരോ തവണയും ഇയാള്‍ ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നത്.
2,000 രൂപ വിലവരുന്ന ഫോണിന് 40,000 രൂപയുടെ കള്ളനോട്ടാണ് ഇയാള്‍ക്ക് ലഭിച്ചിരുന്നത്. ഇയാള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സഹായം നല്കിയ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സലീം മണ്ഡലിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ ഒരു പീഡനക്കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും വിവരമുണ്ട്.
ട്രെയിൻ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ 23-നാണ് സലിം മണ്ഡല് (32) പെരുമ്പാവൂരില്‍നിന്ന് പിടിയിലായത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ 17 അഞ്ഞൂറിന്റെ വ്യാജ നോട്ടുകള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തിരുന്നു. നിരവധി വ്യാജ നോട്ടുകള്‍ ഇവരുടെ സംഘം ഇന്ത്യയില്‍ വിതരണം ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്. നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാള്‍ ബംഗ്ലാദേശിലെത്തിച്ചതായും വിവരമുണ്ട്.
Post Your Comments