തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ, ദന്ത യൂണിറ്റുകൾ ഇല്ലാത്ത അഞ്ച് താലൂക്ക് ആശുപത്രികളിൽ പുതിയ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആർദ്രം മാനദണ്ഡ പദ്ധതി പ്രകാരമാണ് സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ദന്ത യൂണിറ്റ് യാഥാർത്ഥ്യമാക്കുന്നത്. ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളാണ് ദന്തൽ യൂണിറ്റിന് കീഴിൽ ഉണ്ടാവുക.
കാസർകോട് ജില്ലയിലെ ബഡേഡുക്ക താലൂക്ക് ആശുപത്രി, മംഗൽപ്പാടി താലൂക്ക് ആശുപത്രി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പുതുതായി ദന്തൽ യൂണിറ്റുകൾ ആരംഭിക്കുക. പൊതുജനങ്ങളുടെ ദന്താരോഗ്യം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. 6-നും 16-നും ഇടയിൽ പ്രായമുള്ള സ്കൂൾ കുട്ടികൾക്ക് സമ്പൂർണ്ണ ദന്തപരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സൗജന്യ പദ്ധതിയാണ് പുഞ്ചിരി.
Post Your Comments