ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ സുരക്ഷാവീഴ്ച്ച. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയില്‍ പ്രവേശിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് പ്രഖ്യാപിച്ച അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നതിനിടയാണ് ഗുരുതരമായ സുരക്ഷാവീഴ്ച്ച ഉണ്ടായത്.
ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് എയര്‍പോര്‍ട്ടില്‍ അതിക്രമിച്ചു കടയാളെ റണ്‍വേയില്‍ വച്ച് ആദ്യം കണ്ടത്. പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് സ്ഥലത്തെത്തി ഇയാളെ പിടികൂടി.
ഹരിയാന സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം. ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസിന് കൈമാറി. സുരക്ഷാവീഴ്ച്ചയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു.
Post Your Comments