പട്‌ന: ബിഹാറിൽ നിതീഷ് കുമാറിന് പിന്നാലെ കോൺഗ്രസ് എംഎൽഎമാരും എൻഡിഎയിലേക്കെന്നു സൂചന. ഇതോടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പൂർണിയയിൽ നടന്ന പാർട്ടി യോഗത്തിൽ 19 ബിഹാർ കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാണ് പങ്കെടുത്തതെന്ന് റിപ്പോർട്ട്.
പ്രധാനപ്പെട്ട യോഗമായിരുന്നിട്ടും ഒമ്പത് എംഎൽഎമാർ വിട്ടുനിന്നത് ആശങ്കയുയർത്തി. എന്നാൽ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ അഭ്യൂഹങ്ങൾ തള്ളി. യാത്രയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ഇത് നിയമസഭാ കക്ഷി യോഗമായിരുന്നില്ലെന്നും യോഗത്തെ സംബന്ധിച്ച് അതിവായന വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിൻ്റെ യാത്ര തിങ്കളാഴ്ച കിഷൻഗഞ്ച് വഴി ബിഹാറിലേക്ക് പ്രവേശിക്കും. അടുത്ത ദിവസം പൂർണിയയിൽ റാലി അണിനിരക്കും. കോൺഗ്രസ് നിയമസഭാംഗങ്ങളുടെ യോഗം ഞായറാഴ്ച നടക്കുമെന്നും 19 എംഎൽഎമാരും പങ്കെടുക്കുമെന്നും ഖാൻ പറഞ്ഞു.
അതേസമയം, ബിഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപി ധാരണ. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും.
സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പി ക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും.
Post Your Comments