KeralaLatest NewsNews

എസ്.എഫ്.ഐക്കാര്‍ പിണറായിയുടെ ഗുണ്ടകള്‍, അവരുടെ ശ്രമം ഗവര്‍ണറെ അപായപ്പെടുത്താന്‍: വി. മുരളീധരന്‍

കാസര്‍കോട്: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുണ്ടകളാണ് എസ.എഫ്.ഐയെന്നും അവരിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപായപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തിയതെന്നും വഴിയില്‍ എവിടെയെങ്കിലും പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് ഗവർണറെ അറിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വം ആണെന്നും അതിന് സാധിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടെന്ന് പോലീസ് തുറന്ന് സമ്മതിക്കണണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ എസ്.എഫ്.ഐക്കാരല്ലെന്നും, പിണറായിയുടെ ഗുണ്ടകളാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ ഗവര്‍ണര്‍ക്ക് റോഡിലിറങ്ങി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കുന്ന ആളുകളാണ് കേരളത്തിലെ ക്രമസമാധാനം തകര്‍ന്നോ ഇല്ലയോ എന്ന് പറയേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. സ്വജനപക്ഷപാതം അടക്കമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിലുള്ള ദേഷ്യമാണ് ഗവര്‍ണറോട് തീര്‍ക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അതിനാടകീയ രംഗങ്ങൾക്ക് ശേഷം എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തതോടെ ഗവർണർ മടങ്ങി. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ. ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടർന്ന് പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തുകയായിരുന്നു. എഫ്.ഐ.ആർ രേഖകൾ സസൂക്ഷ്മം പരിശോധിച്ച് അഭിഭാഷകരുമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button