നിലമേല്‍: പ്രതിഷേധക്കാര്‍ എന്ന പേരില്‍ തന്നെ ആക്രമിച്ചവര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരല്ലെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂലിക്കാരാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസ് മുകളില്‍നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സംസ്ഥാനത്ത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
‘പോലീസുകാരെ ഞാന്‍ കുറ്റം പറയുന്നില്ല കാരണം മുകളില്‍നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. പ്രതിഷേധമെന്ന പേരില്‍ എന്നെ ആക്രമിക്കാനും പോലീസ് പ്രതികരിക്കരുത് എന്ന നിര്‍ദേശം നല്‍കുന്നതും മുഖ്യമന്ത്രിയാണ്. പ്രതിഷേധങ്ങള്‍ക്കൊന്നും ഞാന്‍ എതിരല്ല, എന്നാല്‍ കൊടികള്‍ ഉപയോഗിച്ച് കാറില്‍ അടിച്ചപ്പോഴാണ് പ്രതികരിച്ചത്’, ഗവർണർ പറഞ്ഞു.
അതേസമയം, അതിനാടകീയമായ രംഗങ്ങൾക്ക് ശേഷമാണ് ഗവർണർ പ്രതിഷേധ സ്ഥലത്ത് നിന്നും മടങ്ങിയത്. എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തതോടെയാണ് ഗവർണർ മടങ്ങിയത്. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ. ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടർന്ന് പോലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. എഫ്.ഐ.ആർ. രേഖകൾ സസൂക്ഷ്മം പരിശോധിച്ച് അഭിഭാഷകരുമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments