Latest NewsIndia

കർണാടകയിൽ വീണ്ടും ബിജെപിയിലെത്തി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍: നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബിജെപിയില്‍ തിരിച്ചെത്തി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം കോൺഗ്രസ് വിട്ട് കാവിയണിഞ്ഞത്. കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബിജെപി വിട്ടത്.

അദ്ദേഹം ബിജെപിയിലായിരിക്കുമ്പോള്‍ പ്രതിനിധീകരിച്ച ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിക്കുകയായിരുന്നു. കര്‍ണാടകയില്‍ രാഷ്ട്രീയ സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തില്‍പ്പെട്ട നേതാവാണ് ഷെട്ടാര്‍.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ബിഎസ് യെദ്യൂരപ്പ, അദ്ദേഹത്തിന്റെ മകനും സംസ്ഥാന പാര്‍ട്ടി അധ്യക്ഷനുമായ ബി വൈ വിജയേന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് 67 കാരനായ ഷെട്ടാര്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന വിശ്വാസത്തോടെയാണ് താന്‍ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയതെന്ന് ഷെട്ടാര്‍ പറഞ്ഞു.

‘പാര്‍ട്ടി എനിക്ക് മുന്‍കാലങ്ങളില്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ തന്നു. ചില പ്രശ്നങ്ങള്‍ കാരണം ഞാന്‍ കോണ്‍ഗ്രസിലേക്ക് പോയി. കഴിഞ്ഞ എട്ട് ഒമ്പത് മാസമായി ഒരുപാട് ചര്‍ച്ചകള്‍ നടന്നു. ബിജെപി പ്രവര്‍ത്തകര്‍ എന്നോട് ബിജെപിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. യെദ്യൂരപ്പ ജിയും വിജയേന്ദ്ര ജിയും പോലും ഞാന്‍ ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നു. നരേന്ദ്രമോദി ജി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകണം എന്ന വിശ്വാസത്തോടെയാണ് ഞാന്‍ പാര്‍ട്ടിയില്‍ വീണ്ടും ചേരുന്നത്.’, അദ്ദേഹം പറഞ്ഞു.

പരിപാടിക്ക് ശേഷം അദ്ദേഹം ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഷെട്ടാര്‍ ബി.ജെ.പിയിലേക്ക് മടങ്ങിയത് പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്റെ സഖ്യകക്ഷികളായ ടി.എം.സി.യുടെയും എ.എ.പി.യുടെയും ഇരട്ട പ്രഹരങ്ങളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഒരു പുതിയ ഞെട്ടലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button