Latest NewsKeralaNews

1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് : ഹൈറിച്ച് കമ്പനി ഉടമകളായ ദമ്പതികള്‍ ഇഡിയെ വെട്ടിച്ച് മുങ്ങി

കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കെ.ഡി പ്രതാപന്‍, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ഇഡി റെയ്ഡിനെത്തുന്നതിന് തൊട്ടു മുമ്പ് ജീപ്പില്‍ ഡ്രൈവര്‍ക്കൊപ്പം രക്ഷപ്പെട്ടത്

തൃശൂര്‍: 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളായ ദമ്പതികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് മുങ്ങി. ഇതോടെ പ്രതികളെ പിടികൂടാന്‍ ഇഡി പൊലീസിന്റെ സഹായം തേടി. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കെ.ഡി പ്രതാപന്‍, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ഇഡി റെയ്ഡിനെത്തുന്നതിന് തൊട്ടു മുമ്പ് ജീപ്പില്‍ ഡ്രൈവര്‍ക്കൊപ്പം രക്ഷപ്പെട്ടത്.

Read Also: വിശ്വസിക്കാനാവാത്ത വിലക്കുറവ്: കേരളത്തിൽ യൂസ്ഡ് കാര്‍ വിപണി കീഴടക്കി ഡല്‍ഹി വാഹനങ്ങള്‍

പ്രതികളെ പിടികൂടാനായി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് സഹായം തേടി ഇ.ഡി. ഉദ്യോഗസ്ഥര്‍ കത്തുനല്‍കിയിട്ടുണ്ട്. ഹൈറിച്ച് ദമ്പതിമാര്‍ 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പൊലീസ് റിപ്പോര്‍ട്ട്. നികുതി വെട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ റെയിഡ് നടക്കുന്നത്. എന്നാല്‍ ഇഡി സംഘം എത്തും മുമ്പ് ഡ്രൈവര്‍ സരണിനൊപ്പം മഹീന്ദ്ര ഥാര്‍ ജീപ്പില്‍ ദമ്പതിമാര്‍ രക്ഷപ്പെട്ടു. ഇവര്‍ക്ക് റെയിഡിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നുവെന്നാണ് സൂചന.

ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പോലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്പന്‍ നികുതിവെട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിന്റെ എം.ഡി തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന ജി.എസ്.ടിയുടെ കാസര്‍കോട് ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ഈ കേസില്‍ പ്രതാപന്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഹൈറിച്ച് കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ക്രിപ്റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയിട്ടുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒ.ടി.ടിയിലുള്ളത്. നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതല്‍ സമയവും വേണമെന്നും ചേര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുന്നതാകും നല്ലതെന്ന സൂചനയും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button