ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്ന ദിവസം മത്സ്യമാംസാദികളുടെ വിൽപ്പന പൂർണ്ണമായും നിരോധിച്ച് യുപി സർക്കാർ. ജനുവരി 22-ന് ഉത്തർപ്രദേശിൽ മത്സ്യം, മാംസം, മദ്യം എന്നിവയുടെ വിൽപ്പന പൂർണ്ണമായും നിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് യോഗി സർക്കാർ പുറത്തിറക്കി. പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം ഡ്രൈ ഡേയായി ആചരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സ്യമാംസാദികളുടെ വിൽപ്പനയും നിരോധിച്ചത്.
ക്ഷേത്രത്തിലെ വിവിധ ചടങ്ങുകൾക്ക് ഇതിനോടകം തുടക്കമായിട്ടുണ്ട്. ഇന്ന് ഗണേശ പൂജ, വരുണ പൂജ എന്നിവയാണ് നടത്തുക. ജനുവരി 21 വരെ ചടങ്ങുകൾ തുടരുമെന്ന് രാം മന്ദിർ ട്രസ്റ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഭാരതീയർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22-ന് ഉച്ചയ്ക്ക് 12:20-ന് ആരംഭിച്ച് 1:00 മണിയോടെ അവസാനിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖർ പ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കും.
Post Your Comments