ആലപ്പുഴ: എംടി വാസുദേവൻ നായർ നടത്തിയ അധികാര വിമർശനം ചർച്ചയായതിന് പിന്നാലെ നിരവധി സാഹിത്യകാരന്മാർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹിത്യകാരന്മാർക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. എം ടി വാസുദേവൻ നായരെ ഏറ്റുപിടിച്ച കേരളത്തിലെ സാഹിത്യകാരന്മാർ ആത്മാർഥതയില്ലാതെ വെറും ‘ഷോ’ കാണിക്കുകയാണെന്നായിരുന്നു ജി സുധാകരന്റെ പരാമർശം. കേരള പ്രൈവറ്റ് സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എംടി വാസുദേവൻ നായർ പറഞ്ഞപ്പോൾ കേരളത്തിലെ സാഹിത്യകാരമാർക്ക് ഭയങ്കര ഇളക്കം. ഇതു പറയാനുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ആരും നേരത്തേ പറഞ്ഞില്ല. നേരിട്ടു പറയാതെ എംടിയെ ഏറ്റുപറയുന്നതു ഭീരുത്വമാണ്. ഇതേറ്റു പറയാതിരുന്ന ഒരാളുണ്ട്, ടി പത്മനാഭൻ. സാധാരണ അദ്ദേഹം ഏറ്റുപിടിക്കുന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ ഒന്നുംപറഞ്ഞില്ല. എംടി പറഞ്ഞതു സർക്കാരിനോടല്ല, ജനങ്ങളോടാണ്. അതു നേരത്തേയും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
കേരളത്തിൽ ആറ്റംബോംബ് വീണുവെന്ന രീതിയിൽ ഇക്കാര്യം ചർച്ച ചെയ്യുന്നത് പക്വതയില്ലായ്മയെ കാട്ടുന്നു. എം ടി പറഞ്ഞത് ഒരാളെപ്പറ്റിയാണോ അതോ എല്ലാവരെപ്പറ്റിയുമാണോ എന്നതിൽ ഇടതുപക്ഷത്തിലും മന്ത്രിമാർക്കിടയിലും വ്യത്യസ്താഭിപ്രായമുണ്ട്. മാർക്‌സിസം പഠിക്കാതെ മാർക്സിസ്റ്റ് ആണെന്നു പറയാൻ കഴില്ല. അതു വായിച്ചു പഠിക്കണം. ഇക്കാര്യം പറയാൻ എം ടി വാസുദേവൻ നായർ വരേണ്ട കാര്യമില്ല. തങ്ങളൊക്കെ നേരത്തേ പറഞ്ഞിട്ടുണ്ട്. 60 വർഷമായി പാർട്ടിയിൽ താനിതു പറയുന്നുണ്ട്. അത് അച്ചടക്കലംഘനമല്ല. ഇഎംഎസ് പറഞ്ഞ ‘ഭരണവും സമരവും’ പാർട്ടിയുടെ നയമാണ്. അതൊരു കാലത്തും കാലഹരണപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്ന എംടി വാസുദേവൻ നായരുടെ പരാമർശമാണ് നിലവിലെ ചർച്ചകൾക്ക് കാരണം. ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി വാസുദേവൻ നായർ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments